
നല്ലൊരു ജോലിയും സാമ്പത്തികഭദ്രതയും ഉളളതുക്കൊണ്ട് മാത്രം ഒരാൾക്ക് സന്തോഷവാനായി ജീവിക്കാൻ സാധിക്കുമോയെന്ന ചോദ്യത്തിന് പലർക്കും പല അഭിപ്രായമായിരിക്കും ഉളളത്. ചിലർ നന്നായി ജീവിക്കാൻ കഴിയുമെന്ന് ഉത്തരം നൽകുമ്പോൾ മറ്റു ചിലർക്ക് ഉത്തരം കണ്ടെത്താൻ കുറച്ച് പ്രയാസം ഉണ്ടാകും. ഈ അടുത്തിടെ മാനസികവിദഗ്ദ്ധർ പുറത്തുവിട്ട ചില പഠനങ്ങൾ മനുഷ്യന്റെ സന്തോഷത്തെക്കുറിച്ചാണ്. ഈ പഠനത്തിൽ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ജീവിതത്തിൽ മതിയായ സന്തോഷം ലഭിക്കാത്തത് പുരുഷൻമാർക്കാണെന്നാണ് പഠനങ്ങൾ പറയുന്നത്. അതിനുളള പ്രധാനപ്പെട്ട കാരണമായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് വിവാഹമോചനമാണ്. ഒരുകാലത്ത് വിവാഹമോചനമെന്ന വാക്ക് പലർക്കും അത്ര സുപരിചിതമല്ലായിരുന്നു. എന്നാൽ വിവാഹമോചനം ഇന്ന് മനുഷ്യരുടെ ഇടയിൽ വെറും സർവ്വസാധാരണമായി മാറികഴിഞ്ഞിരിക്കുന്നു.

ആദ്യകാലങ്ങളിൽ വിവാഹമോചനത്തിനായി കുടുംബകോടതികളിലെത്തുന്ന ദമ്പതികൾ വിരളമായിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. വിവാഹമോചനത്തിനായി അഭിഭാഷകരുടെ മുന്നിലെത്തുന്ന ഭാര്യക്കും ഭർത്താവിനും പറയാൻ പലകാരണങ്ങളുണ്ടാകും. കുറഞ്ഞ കാലയളവിൽ പലർക്കും വിവാഹമോചനം നേടിയെടുക്കാനും സാധിക്കും. എന്നാൽ വിവാഹമോചനത്തിന് ശേഷമുളള ഇരുവരുടെയും ജീവിതം എങ്ങനെയായിരിക്കും വിവാഹമോചിതരായ പുരുഷൻമാരുടെ ജീവിതത്തിൽ പറ്റുന്ന ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ജീവിതത്തിൽ ഏതെങ്കിലും ഒരു അവസരത്തിൽ കാണുന്ന ഒരു പെൺകുട്ടിയോട് പ്രണയം തോന്നുന്നു. അവളെ സ്‌നേഹിക്കുന്നു. പ്രണയാഭ്യർത്ഥന നടത്തുന്നു. വിവാഹം ചെയ്യുന്നു. ചില സാഹചര്യത്തിൽ പങ്കാളിയുമായി പൊരുത്തക്കേടുണ്ടാകുന്നു. ഒടുവിൽ ദാമ്പത്യം കലാശിക്കുന്നത് കോടതി വളപ്പിൽ. ഇതാണ് സിനിമയിലെ വിവാഹമോചനം. എന്നാൽ ജീവിതത്തിൽ ചില വ്യത്യാസങ്ങളുണ്ട്.
സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ പുരുഷൻമാർക്ക് കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന പിന്തുണ വളരെ കുറവാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വിവാഹമോചനം ആരോഗ്യപരമായും സന്തോഷപരമായും കൂടുതൽ സ്ത്രീകളെക്കാൾ കൂടുതൽ മോശമായി ബാധിക്കുന്നത് പുരുഷൻമാരെയാണ്. ഇതിനാൽ തന്നെ പുരുഷൻമാർ സങ്കടമുണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കാൻ ശ്രമിക്കുന്നു.

ചെറിയ പ്രശ്നങ്ങൾ പോലും പുരുഷൻമാരെ വിഷാദത്തിലേക്ക് എത്തിക്കുമെന്ന കാഴ്ചപ്പാടുളളത് കൊണ്ടാണ് ഇവർ ഇത്തരത്തിൽ ചെയ്യുന്നത്. എന്നാൽ ഈ ഒഴിഞ്ഞുമാറ്റം കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പഠനങ്ങൾ പറയുന്നു. മാനസിക ഉല്ലാസത്തിനായി ചെയ്യുന്ന പലകാര്യങ്ങളും ഒടുവിൽ കലാശിക്കുന്നത് വലിയ പ്രശ്നങ്ങളിലായിരിക്കും. ചിലർ മദ്യപാനത്തിലൂടെ സങ്കടം അകറ്റാൻ ശ്രമിക്കുമ്പോൾ നഷ്ടമാകുന്നത് ആരോഗ്യത്തോടെയുളള ജീവിതമാണെന്ന് മറന്നുപോകുന്നു. ഈ പ്രശ്നം അത്തരത്തിലുളള പുരുഷൻമാരുടെ കുടുംബത്തിന്റെ സന്തോഷത്തെയും ബാധിക്കുന്നു.
വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടക്കുന്ന സമയങ്ങളിൽ ഭൂരിഭാഗം പുരുഷൻമാരും നേരിടുന്ന മാനസിക പിരിമുറുക്കം വളരെ വലുതായിരിക്കും. ഉറക്കമില്ലായ്മ, വിഷാദം, ശരീരഭാരം കുറയൽ തുടങ്ങിയവ പുരുഷൻമാർ നേരിടുന്ന ചില പ്രശ്നങ്ങളാണ്. ഇവ ചിലപ്പോൾ അവരുടെ ജോലിയെയും സാമ്പത്തികഭദ്രതയെ പോലും ബാധിക്കാം. ഈ അവസ്ഥ ചിലപ്പോൾ അവരെയെത്തിക്കുന്നത് കടുത്ത ഹൃദയസംബന്ധമായ അസുഖങ്ങളിലേക്കോ അല്ലെങ്കിൽ സ്‌ട്രോക്കിലേക്കോ ആയിരിക്കും.
ചിലർ വിവാഹമോചനത്തിന് ശേഷം ഒറ്റയ്ക്ക് ജീവിക്കുന്നതിനായി തീരുമാനമെടുക്കുമ്പോൾ മറ്റ് ചിലർ തിരഞ്ഞെടുക്കുന്നത് പുതിയ പങ്കാളിയുമൊത്തുളള ജീവിതമായിരിക്കും. അങ്ങനെയുളളവർ പുതിയ സൗഹൃദബന്ധങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയും ഡേറ്റിംഗ് ആപ്പുകളുടെ സഹായം തേടുകയും ചെയ്യും. അത്തരത്തിലുളള ബന്ധങ്ങൾ പൂർണമായും വിജയം കാണണമെന്നില്ല. 90ശതമാനം പേരും ചെന്നുച്ചാടുന്നത് ചതിക്കുഴികളിലാണെന്നാണ് പഠനങ്ങൾ പറയുന്നു.
ഈ അവസ്ഥകൾ എങ്ങനെ പരിഹരിക്കാം
1. സൗഹൃദം വളർത്തിയെടുക്കാം.

ഏകാന്തമായി ജീവിക്കുന്നതിനെക്കാൾ നല്ലത് ആരോഗ്യകരമായ സൗഹൃദബന്ധങ്ങളോ കുടുംബ ബന്ധങ്ങളോ ശക്തമാക്കുക എന്നുളളതാണ് ഈ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. മറ്റുളളവരോട് സ്‌നേഹത്തോടെ പെരുമാറുക. സ്വന്തം പ്രശ്നങ്ങൾ ധൈര്യമായി പുറത്തുപറയാനുളള മനസ് കാണിച്ചാൽ മാനസികസംഘർഷങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.
2. സ്വന്തം വ്യക്തിത്വം കണ്ടെത്താൻ ശ്രമിക്കുക.
വിവാഹമോചനത്തിന് പല കാരണങ്ങളുണ്ടാകാം. അവ പൂർണമായും മനസിലാക്കാൻ ശ്രമിക്കുക.
നിങ്ങളുടെ വ്യക്തിത്വം മനസിലാക്കി ജീവിക്കാൻ ശ്രമിക്കുന്നത് അടുത്ത ബന്ധത്തിന് ഗുണം ചെയ്യും.
3. പെട്ടന്നുണ്ടാകുന്ന പ്രണയബന്ധങ്ങളിൽ കുടുങ്ങരുത്.

വിവാഹമോചനത്തിന് ശേഷം പെട്ടന്നുണ്ടാകുന്ന പ്രണയബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. ഈ സമയങ്ങളിൽ സാമ്പത്തികനഷ്ടമുണ്ടാകാനുളള സാദ്ധ്യതയും കൂടുതലാണ്. നമ്മുടെ സാഹചര്യം മുതലെടുത്ത് മറ്റുളളവർ കൂടുതലടുക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്യും.
4. കുട്ടികളുമായുളള ആത്മബന്ധം വളർത്തിയെടുക്കുക.
വിവാഹമോചിതരായ പുരുഷൻമാർ കുടുംബവും സ്വന്തം മക്കളുമായുളള ബന്ധങ്ങൾ പോലും അവഗണിക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. മക്കളുമായി കൂടുതൽ സമയം ചെലവഴിക്കാനും അവരുടെ പഠനങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്താനും ശ്രമിക്കുക. മക്കളുടെ ഭാവികാര്യങ്ങളിൽ മുൻപങ്കാളിയുടെ ആഭിപ്രായം തേടുന്നതിലും തെറ്റില്ല.
5. വ്യായാമം ചെയ്യാം.
മാനസികാരോഗ്യത്തിനായി സൈക്കോളജിസ്റ്റിന്റെ ഉപദേശം തേടാവുന്നതാണ്. അവരുടെ ഉപദേശ പ്രകാരം കൃത്യമായ യോഗയും വ്യായാമവും ചെയ്യുന്നത് ഗുണം ചെയ്യും.