hospital

ലോകമെമ്പാടും വിചിത്രകാരണങ്ങളാൽ ഉപക്ഷേിക്കപ്പെട്ട നിരവധി സ്ഥലങ്ങളും കെട്ടിടങ്ങളുമുണ്ട്. വിശദീകരിക്കാനാകാത്ത പ്രതിഭാസങ്ങൾ മൂലം പല സ്ഥലങ്ങളും ഇന്നും മനുഷ്യൻ സന്ദ‌ർശിക്കാൻ ഭയപ്പെടുന്നു. അത്തരത്തിൽ ഒരു കെട്ടിടം സ്കോട്ട്‌ലൻഡിലുമുണ്ട്. സ്കോട്ട്‌ലൻഡിലെ വെസ്റ്റ് ലോത്തിയനിലെ ബംഗൂർ ഗ്രാമത്തിലാണ് ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. പ്രദേശവാസികൾ ഭയത്തോടെ നോക്കികാണുന്ന ഈ കെട്ടിടവുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് പ്രചരിക്കുന്നത്.

1906ൽ നിർമ്മിച്ച ഈ കെട്ടിടം ഒന്നാം ലോകമഹായുദ്ധസമയത്ത് എഡിൻബർഗ് യുദ്ധത്തിൽ പരിക്കേറ്റവരെ ചികിത്സക്കുന്ന ആശുപത്രിയായി പ്രവർത്തിച്ചു. പിന്നീട് ഇതിനെ ഒരു മാനസികാരോഗ്യ കേന്ദ്രമായി രൂപാന്തരപ്പെടുത്തുകയും വർഷങ്ങളോളം ആ നിലയിൽ തുടരുകയും ചെയ്തു. എന്നാൽ 2004ൽ ഈ ആശുപത്രി അടച്ചുപൂട്ടി. യുകെയിൽ വികസിച്ചുകൊണ്ടിരിക്കുന്ന മാനസികാരോഗ്യ സംരക്ഷണ സംവിധാനങ്ങളായിരുന്നു ഈ അടച്ചുപൂട്ടലിന് കാരണമായത്.

ഭയനകമായ ഭൂപ്രകൃതിയ്ക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഈ ആശുപത്രി പിന്നെ സിനിമ ചിത്രീകരണങ്ങൾക്കും സർക്കാർ പദ്ധതികൾക്കും വിവിധ പരീക്ഷണങ്ങൾക്കുമായി ഉപയോഗിച്ചു. 2005ൽ അഡ്രിയൻ ബ്രോഡിയും കെയ്റ നെെറ്റ്ലിയും അഭിനയിച്ച 'ദി ജാക്കറ്റ്' എന്ന സെെക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന് ഈ ആശുപത്രി ഉപയോഗിച്ചിരുന്നു. തുടർന്ന് 2009ൽ സ്കോട്ടിഷ് ഗവൺമെന്റ് ഭീകരവിരുദ്ധ അഭ്യാസത്തിന്റെ ഭാഗമായി അണുവിമുക്ത നടപടിക്രമത്തിനായി ആശുപത്രി പരിസരം ഉപയോഗിച്ചു.

ഇതിനിടെ നതാഷ മക്കല്ലം എന്ന നഗര പര്യവേക്ഷകൻ ആശുപത്രിയിലെത്തി അതിന്റെ അവസ്ഥ ഫോട്ടോകളിൽ പകർത്തി. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ അനുഭവം പങ്കുവച്ചു. അവിടെ പ്രേതബാധയുണ്ടെന്നും ഒരിക്കൽ കൂടി അവിടെ പോകാൻ ആ​ഗ്രഹിക്കുന്നില്ലന്നും അവർ പങ്കുവച്ചിരുന്നു. ഇത് അവിടെ പ്രേതബാധയുണ്ടെന്ന ചർച്ചയ്ക്ക് ആക്കം കൂട്ടി. ഈ ആശുപത്രിയിലെ ചില കെട്ടിടങ്ങൾ പൊളിക്കുന്നതിനായി തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ സ്ഥലത്തെക്കുറിച്ച് ഇന്നും നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്.