crime

ബംഗളൂരു: എ.ഐ കമ്പനി സി.ഇ.ഒ ആയ സുചന സേത്ത് ( 39 ) ഗോവയിൽ വച്ച് നാല് വയസുള്ള മകനെ കൊന്ന് ബാഗിലാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. കുട്ടിക്ക് അമിത അളവിൽ മരുന്ന് നൽകിയെന്ന് കരുതുന്നു. ഇതിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയാകാം. ഒഴി‌ഞ്ഞ മരുന്നു കുപ്പികൾ ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെടുത്തിയിട്ടുണ്ട്.

കുട്ടി ശ്വാസം മുട്ടി മരിച്ചെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. കൈകൾ കൊണ്ട് കഴുത്ത് ഞെരിച്ചതിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് പോസ്റ്റ്‌മോർട്ടം ചെയ്‌ത ഡോക്ടർ പറഞ്ഞു. കുട്ടിയുടെ മുഖത്തും നെഞ്ചിലും വീക്കമുണ്ട്. ഇത് ശ്വാസംമുട്ടിയതിലൂടെ ഉണ്ടായതാകാം.


തലയിണയോ തുണിയോ ഉപയോഗിച്ചാവാം കഴുത്ത് ഞെരിച്ചത്. ശരീരത്തിൽ മുറിവുകളൊന്നും ഇല്ല. കൊലപാതകം നടന്ന ഹോട്ടൽ മുറിയിൽ കണ്ടെത്തിയ രക്തക്കറ സുചന ആത്മഹത്യക്കു ശ്രമിച്ചപ്പോഴുണ്ടായതാണെന്ന നിഗമനത്തിലാണ് പൊലീസ്. സുചന ഇടതു കൈഞരമ്പ് മുറിച്ചിരുന്നു. ആസൂത്രിത കൊലപാതകമാണെന്ന ഉറപ്പിൽ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

എന്നാൽ മകനെ കൊന്നിട്ടില്ല എന്ന് സുചന ആവർത്തിക്കുന്നു. രാവിലെ ഉറക്കം ഉണർന്നപ്പോൾ മകനെ മരിച്ചനിലയിൽ കണ്ടെത്തിയെന്നാണ് സുചന പറയുന്നത്. എല്ലാ ഞായറാഴ്ചയും മകനെ അച്ഛനൊപ്പം വിട്ടയക്കണമെന്ന കോടതിവിധിയാണ് കൊലയ്ക്ക് കാരണമെന്നാണ് കണ്ടെത്തൽ. മകനെ ഭർത്താവിനൊപ്പം വിട്ടയക്കാതിരിക്കാനാണ് ശനിയാഴ്ച ഗോവയിൽ എത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.

കുട്ടിയുടെ മൃതദേഹം പിതാവ് വെങ്കട്ടരാമൻ ഏറ്റുവാങ്ങി. സംസ്കാരം ഇന്നലെ ബംഗളൂരുവിൽ നടന്നു. ഇൻഡോനേഷ്യയിലായിരുന്ന വെങ്കട്ടരാമൻ കൊലയ്ക്ക് തൊട്ടുമുമ്പ് ജനുവരി 7ന് മകനുമായി വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു.

ചൊവ്വാഴ്ചയാണ് പശ്ചിമ ബംഗാൾ സ്വദേശിയും ബംഗളൂരുവിലെ എ.ഐ സ്റ്റാർട്ടപ്പ് കമ്പനി സി.ഇ.ഒയുമായ സുചന കർണാടകയിലെ ചിത്രദുർഗയിൽ വച്ച് പിടിയിലായത്. പരിശോധനയിൽ ബാഗിൽ നിന്ന്

മകന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

 സിറപ്പു കുപ്പികൾ

 ഹോട്ടൽ മുറിയിൽ നിന്ന് ചുമയ്ക്കുള്ള സിറപ്പിന്റെ ഒഴിഞ്ഞ കുപ്പികൾ കണ്ടെത്തി

 ഇതോടെ കുട്ടിയെ കൊലപ്പെടുത്തും മുമ്പ് മരുന്നു നൽകിയെന്ന നിഗമനത്തിലെത്തി

 കൂടുതൽ അളവിൽ കുട്ടിക്ക് മരുന്നു നൽകിയിട്ടുണ്ടാകാം

 ഒരു വലിയ കുപ്പിയും ചെറിയ കുപ്പിയും കണ്ടെത്തി.

 തനിക്ക് ചുമയുണ്ടെന്ന് പറഞ്ഞ് സുചന ചെറിയ കുപ്പി കഫ് സിറപ്പ് വാങ്ങിപ്പിച്ചിരുന്നെന്ന് ഹോട്ടൽ ജീവനക്കാർ

 വിവാഹമോചന വക്കിൽ

സുചനയും ഭർത്താവ് മലയാളിയായ വെങ്കട്ടരാമനും വിവാഹമോചനത്തിന്റെ വക്കിലായിരുന്നു. സുചന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഓഗസ്റ്റിൽ ഗാർഹിക പീഡന കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഭർത്താവിന് ഒരു കോടിയിലധികം വാർഷിക വരുമാനമുണ്ടെന്നും ജീവനാംശമായി പ്രതിമാസം 2.5 ലക്ഷം രൂപ വേണമെന്നും സുചന ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്. തന്നെയും കുട്ടിയേയും ഭർത്താവ് ശാരീരികമായി ഉപദ്രവിക്കുന്നു എന്നതിന് ചില വാട്സ്ആപ്പ് സന്ദേശങ്ങളും മെഡിക്കൽ രേഖകളുടെ പകർപ്പുകളും ഹാജരാക്കി. എന്നാൽ ആരോപണങ്ങൾ വെങ്കട്ടരാമൻ നിഷേധിച്ചിരുന്നു. വരുന്ന 29ന് കേസ് പരിഗണിക്കാനിരിക്കെയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. 2010ലായിരുന്നു ഇരുവരുടെയും വിവാഹം. 2021 മുതൽ ഇരുവരും വേർപിരിഞ്ഞ് കഴിയുകയാണ്.