
കുലവെട്ടിക്കഴിഞ്ഞാൽ വാഴകൊണ്ടുള്ള ആദായം തീർന്നു എന്നാണ് ഭൂരിപക്ഷത്തിന്റെയും വിശ്വാസം. എന്നാൽ കുലമുറിച്ച വാഴയിൽ നിന്ന് എടുക്കുന്ന പിണ്ടി വിറ്റ് കുറച്ചുകാശുണ്ടാക്കാം എന്ന് മറ്റുചിലർ പറയും. എന്നാൽ കുല, ഇല, വാഴപ്പിണ്ടി എന്നിവയെക്കാൾ ആദായം കിട്ടുന്ന ഒരു കാര്യം വാഴയിൽ ഉണ്ടെന്ന് പലർക്കും അറിയില്ലെന്നാണ് സത്യം. വാഴനാരാണ് കക്ഷി. കുലയും പിണ്ടിയും എടുത്തശേഷം വെട്ടിനുറുക്കി തോട്ടത്തിൽ ഇടുന്ന വാഴത്തടയിൽ നിന്നാണ് പണം തരുന്ന ഈ ഐറ്റം ലഭിക്കുന്നത്. അല്പം ക്ഷമയും മെനക്കെടാനുളള മനസും ഉണ്ടെങ്കിൽ ഒരു മുതൽമുടക്കുമില്ലാതെ കർഷകർക്ക് കൈനിറയെ കാശുവാരാം.
വാഴത്തടയുടെ പുറംപോളയിൽ നിന്ന് കട്ടിയേറിയ പരുപരുത്ത നാരുകളും അകത്തെ പോളകളിൽ നിന്ന് നല്ല പതുപതുത്ത നാരുകളും ലഭിക്കും. നിറംചേർത്ത് ഉണക്കിയെടുക്കുന്ന ഇത്തരം നാരുകൾ കൊണ്ട് വസ്ത്രങ്ങളും ബാഗുകളും കരകൗശലവസ്തുക്കളും സാനിട്ടറി നാപ്കിനുകളും വരെ ഉണ്ടാക്കുന്നു. വിദേശരാജ്യങ്ങളിലും വാഴനാരുകൊണ്ടുള്ള വസ്തുക്കൾക്ക് ആവശ്യക്കാരേറെയാണ്.
എല്ലാ വാഴകളിൽ നിന്നും നാര് എടുക്കാമെങ്കിലും പാളയംകോടൻ, കപ്പ, നേന്ത്രൻ, ഞാലിപ്പൂവൻ, ചെങ്കദളി എന്നിവയാണ് നാരെടുക്കാൻ ഏറ്റവും ബെസ്റ്റ്. ഇവയുടെ പോളകളിൽ നിന്ന് ധാരാളം നാരുകളും ലഭിക്കും. ഞാലിപ്പൂവനിൽ നിന്നാണ് ഏറ്റവും നല്ല നാരുകൾ ലഭിക്കുന്നത്. സാമാന്യം വലിപ്പമുള്ള ഒരു ഞാലിപ്പൂവനിൽ നിന്ന് 150 ഗ്രാംവരെ നാര് ലഭിക്കും.
ചീർപ്പിന്റെ ആകൃതിയിലുള്ള ലോഹകഷ്ണം ഉപയോഗിച്ചാണ് നാരുകൾ വേർതിരിച്ചെടുക്കുന്നത്. വൻതോതിൽ നാര് വേർതിരിച്ചെടുക്കണമെങ്കിൽ അതിന് യന്ത്രസംവിധാനങ്ങൾ നിലവിലുണ്ട്. യന്ത്രം ഉപയോഗിക്കുകയാണെങ്കിൽ ഒരുദിവസം കുറഞ്ഞത് പതിനഞ്ചുകിലോ നാരെങ്കിലും വേർതിരിച്ചെടുക്കാൻ കഴിയും. ഇങ്ങനെ വേർതിരിച്ചെടുക്കുന്ന നാരുകളെ നന്നായി ഉണക്കിയശേഷമാണ് നിറംകൊടുക്കുന്നത്. വാഴനാരുകൊണ്ട് വസ്തുക്കൾ ഉണ്ടാക്കുന്നവരെ സമീപിച്ചാൽ നാരുകൾ ചൂടപ്പംപോലെ വിറ്റുപോകും. നല്ല വിലയും ലഭിക്കും. മുടങ്ങാതെ നാര് കൊടുക്കാൻ കഴിഞ്ഞാൽ ഏറെനന്ന്.