room

ബീജിംഗ്: വീട് വിട്ട് ആഡംബര ഹോട്ടലിൽ സ്ഥിരതാമസം ആരംഭിച്ച് എട്ടംഗ കുടുംബം. 229 ദിവസമായി ഹോട്ടൽ മുറിയിലാണ് കുടുംബം താമസിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ഈ കുടുംബത്തെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

ചൈനയിലെ നന്‌യംഗ് സിറ്റിയിലെ ആഡംബര ഹോട്ടലിലാണ് ഇവർ താമസിക്കുന്നത്. ദിവസവും 1000യുവാൻ (ഏകദേശം 11,000 രൂപ) ആണ് വാടകയായി ഇവർ നൽകുന്നത്. ജീവിതകാലം മുഴുവൻ ഒരു ഹോട്ടലിൽ തന്നെ താമസിക്കണമെന്നാണ് ആഗ്രഹമെന്നും കുടുംബം പറയുന്നു.

ഒരു സ്വീകരണമുറിയും രണ്ട് കിടപ്പുമുറികളുമുള്ള ഹോട്ടൽ സ്യൂട്ടിലാണ് ഇവരുടെ താമസം. ഹോട്ടലിനുള്ളിൽ നിന്ന് കുടുംബം പങ്കുവച്ച വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. 'ഹോട്ടലിൽ താമസിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. വൈദ്യുതി, വെള്ളം, പാർക്കിംഗ് എന്നിവയ്‌ക്കൊന്നും പ്രത്യേകം പണം കൊടുക്കേണ്ട. ഒരു ദിവസം എല്ലാത്തിനും കൂടെ 1000യുവാൻ ആണ് നൽകേണ്ടത്. ഞങ്ങൾ ഇവിടെ താമസിക്കുന്നതിൽ സന്തുഷ്ടരാണ്. '- എന്നാണ് വീഡിയോയിൽ കുടുംബാംഗങ്ങളിലൊരാൾ പറയുന്നത്.

വീഡിയോയിൽ കാണിക്കുന്ന ആഡംബര മുറിയിൽ ടിവി, ഫർണിച്ചറുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. കുടുംബത്തിന് ധാരാളം സ്വത്തുക്കളുണ്ട്. ചിലർ ഈ രീതിയിൽ ആകൃഷ്ടരായെങ്കിലും മറ്റുചിലർ വിമർശനവുമായി രംഗത്തെത്തി.