
ഇസ്ലാമാബാദ്: 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ ലക്‌ഷറെ ത്വയ്ബ ഭീകരൻ ഹാഫിസ് സയീദ് പാകിസ്ഥാന്റെ കസ്റ്റഡിയിൽ 78 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന ( യു.എൻ ).
ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട ഏഴു കേസുകളിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടതെന്നും യു.എൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അതേസമയം, പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സംരക്ഷണത്തിലാണ് ഹാഫിസ് എന്നാണ് വ്യാപക ആരോപണം.
166 പേരുടെ മരണത്തിനിടയാക്കിയ മുംബയ് ഭീകരാക്രമണം കൂടാതെ, ജമ്മു കാശ്മീരിൽ ഭീകരർക്കു ധനസഹായം നൽകിയതടക്കം എൻ.ഐ.എ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ പ്രതിയാണ് ഹാഫിസ് സയീദ്. ഇയാളെ വിട്ടുകിട്ടാൻ ഡിസംബറിൽ തെളിവുകൾ സഹിതം ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി നയതന്ത്ര കരാറില്ലെന്നാണ് പാകിസ്ഥാന്റെ നിലപാട്. 2019ൽ അറസ്റ്റിലായ ഹാഫിസ് നിലവിൽ ലാഹോറിലെ ജയിലിലാണെന്നാണ് വിവരം.