
ഇന്ത്യ - അഫ്ഗാനിസ്ഥാൻ ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് മൊഹാലിയിൽ തുടക്കം
14 മാസത്തിന് ശേഷം രോഹിത് ട്വന്റി-20യ്ക്ക്, വിരാട് ഇന്നുണ്ടാവില്ല, സഞ്ജുവും ടീമിൽ
മൊഹാലി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ ആദ്യമായി ഒരു ട്വന്റി-20 പരമ്പരയിൽ ഏറ്റുമുട്ടുമ്പോൾ ആവേശം പകരാൻ ഈ ഫോർമാറ്റിലെ നായകസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന രോഹിത് ശർമ്മയും മലയാളി താരം സഞ്ജു സാംസണും. മുൻ നായകനായ വിരാട് കൊഹ്‌ലിയേയും പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ന് മൊഹാലിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ വ്യക്തിപരമായ കാരണങ്ങളാൽ വിരാട് കളിക്കുന്നില്ല. അടുത്ത മത്സരങ്ങ ളിലെത്തും
14 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ട്വന്റി - 20 ടീമിലേക്ക് രോഹിതും വിരാടും തിരിച്ചെത്തിയിരിക്കുന്നത്. 2022ൽ ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിന് ശേഷം ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി - 20 ഫോർമാറ്റിൽ കളിച്ചിട്ടില്ല. ഈ വർഷം ജൂണിൽ നടക്കുന്ന ട്വന്റി - 20 ലോകകപ്പിൽ രോഹിതിന്റെയും വിരാടിന്റെയും സാന്നിദ്ധ്യം സൂചിപ്പിക്കുന്നത് കൂടിയാണ് ഈ പരമ്പരയിലേക്കുളള വരവ്. രോഹിത് വിട്ടുനിന്ന കഴിഞ്ഞ വർഷം ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവുമാണ് ട്വന്റി - 20യിൽ ഇന്ത്യയെ നയിച്ചത്. ഇപ്പോൾ ഇരുവരും പരിക്കിന്റെ പിടിയിലായതിനാലാണ് സെലക്ടർമാർ രോഹിതിനെ നായകനായി തിരിച്ചുവിളിച്ചത്. അടുത്ത രണ്ട് മത്സരങ്ങളിൽ വിരാടും ഉണ്ടാകുമെന്ന് കോച്ച് രാഹുൽ ദ്രാവിഡ് ഇന്നലെ അറിയിച്ചു.
ജിതേഷ് ശർമ്മയ്ക്കൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്. കെ.എൽ രാഹുലും ഇഷാൻ കിഷനും ടീമിലില്ലാത്തതിനാലാണ് സഞ്ജുവിനും ജിതേഷിനും അവസരം ലഭിച്ചത്. എന്നാൽ ഇവരിൽ ആര് വിക്കറ്റ് കീപ്പറായി പ്ളേയിംഗ് ഇലവനിൽ ഉണ്ടാകും എന്ന് ഉറപ്പിക്കാറായിട്ടില്ല. ദക്ഷിണാഫ്രിക്കയിലെ അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയാണ് സഞ്ജു ആറുമാസത്തിന് ശേഷം ട്വന്റി-20 ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. അതേസമയം ദക്ഷിണാഫ്രിക്കയിലെ ട്വന്റി-20 പരമ്പരയിൽ ലഭിച്ച അവസരം ജിതേഷിന് കാര്യമായി പ്രയോജനപ്പെ ടുത്താനായിരുന്നില്ല.
ശുഭ്മാൻ ഗിൽ, റിങ്കു സിംഗ്, തിലക് വർമ്മ,യശസ്വി ജയ്സ്വാൾ എന്നിവർകൂടി ബാറ്റർമാരായി ടീമിലുള്ളതിനാൽ പ്ളേയിംഗ് ഇലവൻ സെലക്ഷൻ സങ്കീർണമാണ്. യശസ്വിയും രോഹിതുമാണ് ഓപ്പണിംഗിന് എത്തുക. വിരാടിന്റെ അഭാവം സഞ്ജുവിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. വാഷിംഗ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, ശിവം ദുബെ എന്നിവരെ ആൾറൗണ്ടർമാരായും രവി ബിഷ്ണോയ്, കുൽദീപ് യാദവ് എന്നിവരെ സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായും ടീമിലെടുത്തിട്ടുണ്ട്. അർഷ്ദീപ് സിംഗ്,ആവേശ് ഖാൻ,മുകേഷ് കുമാർ എന്നിവരാണ് പേസർമാർ.
റാഷിദ് ഖാൻ ഇല്ലാതെ
അഫ്ഗാനിസ്ഥാൻ
സൂപ്പർ താരവും സ്ഥിരം നായകനുമായ റാഷിദ് ഖാൻ ഇല്ലാതെയാണ് അഫ്ഗാൻ ഇന്ത്യയെ നേരിടാൻ എത്തുന്നത്. ഏകദിന ലോകകപ്പിനിടെയേറ്റ പരിക്കിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന റാഷിദിനെ അഫ്ഗാൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരിക്ക് ഭേദമാവില്ലെന്ന് ഉറപ്പായതോടെ ഇന്നലെ പിൻവലിക്കുകയായിരുന്നു. ഇബ്രാഹിം സദ്രാനാണ് ടീമിനെ നയിക്കുന്നത്. മുഹമ്മദ് നബി, നവീൻ ഉൽ ഹഖ്,റഹ്മാനുള്ള ഗുർബാസ്,ഹസ്റത്തുള്ള സസായ്, റഹ്മത്ത് ഷാ, നജീബുള്ള സദ്രാൻ,മുജീബ് റഹ്‌മാൻ തുടങ്ങിയ പരിചയ സമ്പന്നരിലാണ് അഫ്ഗാന്റെ പ്രതീക്ഷകൾ.
ലോകകപ്പിന് മുമ്പുള്ള
അവസാന പരമ്പര
ഈ വർഷം ജൂണിൽ നടക്കുന്ന ട്വന്റി - 20 ലോകക പ്പിന് മുമ്പ് ഇന്ത്യൻ ടീം അവസാനമായി കളിക്കുന്ന ട്വന്റി - 20 പരമ്പരയാണ് ഇത്. ഈ പരമ്പരയ്ക്ക് ശേഷം ഇംഗ്ളണ്ടുമായി അഞ്ചുടെസ്റ്റുകൾ കളിക്കുന്നുണ്ട്. അതിന് ശേഷമാണ് ഐ.പി.എൽ തുടങ്ങുന്നത്. ഐ.പി.എല്ലിലെ പ്രകടനം കൂടി കണക്കിലെടുത്തശേഷമേ ലോകകപ്പ് ടീം പ്രഖ്യാപിക്കുകയുള്ളൂ.
ഇന്ത്യൻ ടീം : രോഹിത് ശർമ്മ (ക്യാപ്ടൻ),ശുഭ്മാൻ ഗിൽ,യശ്വസി ജയ്സ്വാൾ,വിരാട് കൊഹ്ലി,സഞ്ജു സാംസൺ,തിലക് വർമ്മ,ജിതേഷ് ശർമ്മ,റിങ്കു സിംഗ്,ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്,ആവേശ് ഖാൻ,മുകേഷ് കുമാർ.
അഫ്ഗാൻ ടീം: ഇബ്രാഹിം സദ്രാൻ (ക്യാപ്ടൻ), റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), ഇക്രം അലിഖിൽ (വിക്കറ്റ് കീപ്പർ), ഹസ്റത്തുള്ള സസായ്, റഹ്മത്ത് ഷാ, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, കരീം ജന്നത്, അസ്മത്തുള്ള ഒമർസായ്, ഷറഫുദ്ദീൻ അഷ്റഫ്, മുജീബുർ റഹ്‌മാൻ, ഫസൽഹഖ് ഫാറൂഖി, ഫരീദ് അഹമദ്, നവീൻ ഉൽ ഹഖ്, നൂർ അഹമ്മദ്, മുഹമ്മദ് സലീം, ഖൈസ് അഹമദ്, ഗുൽബാദിൻ നയിബ്.
പരമ്പര ഫിക്സ്ചർ
1.ഇന്ന് - മൊഹാലി
2. ജനുവരി 14- ഇൻഡോർ
3. ജനുവരി 17- ബംഗളുരു
7 pm മുതൽ സ്പോർട്സ് 18ലും ജിയോ സിനിമയിലും ലൈവ്.