icl
ഡെസർട്ട് ക്യാമ്പുമായി ഐ.സി.എൽ

കൊച്ചി​: ദുബായിയുടെ അൽ അവീർ റീജിയണിൽ 3000 അതിഥികളെ ഉൾക്കൊള്ളാൻ ശേഷിയുളള വിശാലമായ ഡെസർട്ട് ക്യാമ്പായ ഐ.സി.എൽ ലാമ ടൂറിസം പ്രോജക്ട് ലോഞ്ച് ചെയ്ത് ഐസിഎൽ ഗ്രൂപ്പ് ഒഫ് കമ്പനീസ്. മനോഹരമായ മരുഭൂമിയെ പശ്ചാത്തലമാക്കി വിനോദം, ഷോപ്പിംഗ്, ഗെയിംസ്, ഭക്ഷണം എന്നിവ കോർത്തിണക്കിയ പ്രോജക്ട് ദുബായ് ടൂറിസത്തിലെ നാഴികക്കല്ലായിരിക്കും. ഉദ്ഘാടന ചടങ്ങിൽ യു.എ.ഇ മുൻ ജല, പരിസ്ഥിതി മന്ത്രി ഡോ. മുഹമ്മദ് സയീദ് അൽ കിന്ദി അടക്കമുള്ള വിശിഷ്ടർ പങ്കെടുത്തു.

പ്രതീകാത്മക ചുവന്ന റിബൺ മുറിച്ച് വിശിഷ്ടാതി​ഥി​കൾ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചതി​നെത്തുടർന്ന് മുഖ്യാതിഥി ഡോ. മുഹമ്മദ് സയീദ് അൽ കിന്ദിയും ഐ.സി.എൽ ഗ്രൂപ്പ് ഒഫ് കമ്പനീസ് സി.എം.ഡി അഡ്വ. കെ.ജി അനിൽകുമാറും ചേർന്ന് പുതിയ ഐ.സി.എൽ ലാമ ടൂറിസം ലോഗോ പ്രകാശനം ചെയ്തു.

അലി താനി അലി ബിൻ ഗുലൈറ്റ്, അൽ മഹൈരി, അഹമ്മദ് ലാംറൂയി (ലാംറൂയി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനും), ഉമ അനിൽകുമാർ (ഹോൾ ടൈം ഡയറക്ടർ, ഐസിഎൽ ഗ്രൂപ്പ് ഒഫ് കമ്പനീസ്), അമൽജിത്ത് എ. മേനോൻ (ഡയറക്ടർ), അബ്ദുല്ല ജുമാ അൽ ഷർഖി, തമീം അബൂബക്കർ, ഫാത്തിമ സുഹറ തുടങ്ങിയവരുംചടങ്ങിൽ പങ്കെടുത്തു.

വിദേശ നിക്ഷേപകർക്ക് ദുബായ് ഒരുക്കുന്ന നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ചും പിന്തുണയെക്കുറിച്ചും ഡോ. മുഹമ്മദ് സയീദ് അൽ കിന്ദി പറഞ്ഞു. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലുടനീളമുള്ള വൈവിദ്ധ്യമാർന്ന ബിസിനസ് അവസരങ്ങളിലേക്ക് കമ്പനി​യെ സ്വാഗതം ചെയ്യുകയും ചെയ്തു.

ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി അനിൽകുമാർ ദുബായുടെ ടൂറിസം സാദ്ധ്യതകളിലുളള വി​ശ്വാസം പ്രകടി​പ്പി​ച്ചു. നഗരത്തിന്റെ ശ്രദ്ധേയമായ വളർച്ചയുമായി ഒത്തുചേർന്ന് ദുബായിലെ ടൂറിസത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ ഐസിഎൽ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. 16 ദശലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ദുബായ് സന്ദർശിക്കുന്നതെന്നും അതുകൊണ്ടുതന്നെ എല്ലാ വർഷവും ഊർജ്ജസ്വലമായ വ്യവസായ മേഖലയ്ക്കായി പ്രവർത്തിക്കാൻ ഒരുക്കമാണെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു.

ഐ.സി.എൽ ഗ്രൂപ്പ് എല്ലായ്പ്പോഴും ദുബായിലുളള വിവിധ പ്രോജക്ടുകളും ബിസിനസ് അവസരങ്ങളും ആരായുന്നതിൽ ശ്രദ്ധചെലുത്താറുണ്ട്. ഡയറക്ടർ അമൽജിത്ത് എ. മേനോൻ ഉറപ്പുനൽകി.

ഏകദേശം 1,000 ത്തോളം പേർ പങ്കെടുത്ത ചടങ്ങിൽ തനുര, ബെല്ലി ഡാൻസ്, ത്രസിപ്പിക്കുന്ന ഫയർ ഡാൻസ് തുടങ്ങിയ ആകർഷകമായ കലാപ്രകടനങ്ങളും അവതരിപ്പിച്ചു. അഡ്വ. കെ.ജി അനിൽകുമാർ നിർമ്മിച്ച 'പഞ്ചവൽസര പദ്ധതി' എന്ന ചിത്രത്തിന്റെ ട്രെയിലർ ചടങ്ങിൽ പ്രദർശിപ്പിച്ചു.

ദുബായിലെ ഐ.സി.എൽ ജനറൽ മാനേജർ രായനത്ത് അലി നന്ദി പറഞ്ഞു.