gujarath

ഗാന്ധിനഗർ: പലരുടെയും സ്വപ്‌നങ്ങളെ ദൃഢനിശ്ചയത്തിലൂടെ ഇന്ത്യയുടെ വികസനത്തിനായി പ്രയോജനപ്പെടുത്തുകയാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിൽ നടക്കുന്ന നിക്ഷേപ സംഗമ പരിപാടിയായ 10-ാമത് ആഗോള വൈബ്രന്റ് ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിങ്ങളുടെ സ്വപ്നം എത്ര വലുതാണോ അത്രയും ദൃഢനിശ്ചയത്തോടെയാകും താനത് നടപ്പാക്കുക. സ്വപ്‌നം കാണുന്നവർക്ക് അവ സാക്ഷാത്ക്കരിക്കാനുമുള്ള വഴികളും തുറന്നു കിട്ടും. അതിനാൽ എല്ലാവരും സ്വപ്‌നം കാണണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

സർക്കാർ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ മോദി ആഗോള സാഹചര്യത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളരെ വേഗം കുതിക്കുന്നത് പത്ത് വർഷമായി നടപ്പിലാക്കിയ ഘടനാപരമായ പരിഷ്‌കാരങ്ങൾ മൂലമാണെന്ന് ചൂണ്ടിക്കാട്ടി.

മുഖ്യാതിഥിയായ യു.​എ.​ഇ​ ​പ്ര​സി​ഡ​ന്റ് ​ഷെ​യ്ഖ് ​മു​ഹ​മ്മ​ദ് ​ബി​ൻ​ ​സാ​യി​ദ് ​അ​ൽ​ ​ന​ഹ്യാനും ജപ്പാൻ, നേപ്പാൾ, എസ്തോണിയ, മൊറോക്കോ, വിയറ്റ്നാം തുടങ്ങി വിവിധ രാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തു.

ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയും യു.എ.ഇയും ഹരിത ഊർജ്ജം, ആരോഗ്യം, ഭക്ഷ്യസംസ്‌കരണം എന്നി മേഖലകളിൽ മൂന്ന് കരാറുകളിൽ ഒപ്പിട്ടു. ചെക് റിപ്പബ്ലിക്, മൊസാംബിക്, ടിമോർ–ലെസ്റ്റ എന്നിവിടങ്ങളിലെ രാഷ്ട്ര തലവൻമാരുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തി.

വൻ നിക്ഷേപങ്ങൾ

ഇന്ത്യയ്ക്കും പുറത്തുമുള്ള ബിസിനസ് ഗ്രൂപ്പുകൾ വലിയ പ്രഖ്യാപനങ്ങളാണ് ഉച്ചകോടിയിൽ നടത്തുന്നത്. അഞ്ചുവർഷത്തിനുള്ളിൽ ഗുജറാത്തിൽ രണ്ട് ലക്ഷംകോടിയുടെ നിക്ഷേപം നടത്തുമെന്ന് ഗൗതം അദാനി അറിയിച്ചു. നേരിട്ടും അല്ലാതെയും ഒരു ലക്ഷത്തോളം തൊഴിലുകൾ സൃഷ്ടിക്കുമെന്നും അദാനി അവകാശപ്പെട്ടു. സംസ്ഥാനത്ത് നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്ന് റിലയൻസ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനിയും പ്രഖ്യാപിച്ചു. മൈക്രോൺ ടെക്‌നോളജീസ്, ടാറ്റ, ദുബായ് ഡി.പി വേൾഡ് തുടങ്ങിയ കമ്പനികളും പദ്ധതികൾ പ്രഖ്യാപിച്ചു.