
''നമ്മുടെ സാമൂഹ്യജീവിതത്തിൽ 'വലിയ വലിയ സാമർത്ഥ്യങ്ങൾ", പ്രത്യേകിച്ചും മറ്റൊരു സഹജീവിയുടെ കണ്ണീരിന് കാരണമാകുന്ന നിലയിൽ, കാണിക്കാതിരിക്കുന്നതു തന്നെയാണ് ബുദ്ധി! എന്നാൽ, എല്ലാ കാര്യങ്ങളിലും നമുക്ക് ശ്രദ്ധയും, സൂക്ഷ്മതയും കൂടിയേ തീരു. കാരണം, സൂക്ഷ്മതയില്ലാത്തവന്റെ മുതൽ, നാണമില്ലാത്തവർ കൊണ്ടു പോകുമെന്ന് പണ്ട് മുതിർന്നവർ പറഞ്ഞുതന്നിട്ടുള്ളത് ഓർമ്മയില്ലേ?എന്നു മാത്രമല്ല, അപ്രകാരം അത് കൈക്കലാക്കുന്നവർ, ക്രമേണയതിൽ, ഉടമസ്ഥാവകാശവും സ്ഥാപിക്കും! ആ മുതലിന്റെ യഥാർത്ഥ ഉടമയായ ഹതഭാഗ്യൻ, എതിർകൈവശാവകാശമെന്നൊരു അതിക്രമ അവകാശവാദത്തിനു മുന്നിൽ പകച്ചുനിൽക്കാനേ വഴിയുള്ളു!""
തികച്ചും, അപ്രതീക്ഷിതമായി പ്രഭാഷകൻ ഇപ്രകാരം പറഞ്ഞപ്പോൾ, ഒന്നുംമനസ്സിലാകാതെ സദസ്യർ, അദ്ദേഹത്തെ നോക്കിയിരുന്നു. ഗൗരവം തെല്ലും കുറക്കാതെ എല്ലാവരേയും ഒന്നുനോക്കിയ ശേഷം, അദ്ദേഹംതുടർന്നു: '' അപ്പോൾ, നിങ്ങളിത്രയേയുള്ളു, പേടിപ്പിച്ചാൽ, പേടിച്ചങ്ങു വിറച്ചുപോകും! കുഴപ്പമില്ല, ശരാശരി മനുഷ്യരൊക്കെ ഇങ്ങനെയൊക്കെ തന്നെയാണ്, അല്ലെങ്കിൽ, ഇങ്ങനെയൊക്കെ മതി!എങ്ങനെ? പേടിത്തൊണ്ടനാകാനല്ല പറഞ്ഞത്, എന്നാൽ സാമൂഹ്യജീവിതത്തിൽ നമ്മൾ വലിയൊരു വീരനൊന്നുമാകേണ്ട എന്നാണ് പറഞ്ഞത്, അതിന്റെ ആവശ്യമില്ല!"" ഇത്രയും ഒറ്റ ശ്വാസത്തിലെന്ന പോലെയാണ് അദ്ദേഹം പറഞ്ഞു നിറുത്തിയത്. അപ്പോഴും, തുടർന്ന് പ്രഭാഷകൻ എന്താണ് പറയാൻ പോകുന്നത് എന്നതിനെപ്പറ്റി വലിയ ധാരണയില്ലാത്ത പോലെയായിരുന്നു സദസ്യരുടെ മുഖഭാവം. ഇതു മനസ്സിലാക്കിയിട്ടെന്നപോലെ അദ്ദേഹം പറഞ്ഞു:
''ഇങ്ങനെ മസ്സിലുപിടിച്ചപോലെയിരുന്ന് വല്ലതും സംഭവിച്ചാൽ പിന്നെ എന്നെകുറ്റം പറയരുത്!""അപ്പോഴേക്കും സദസ്സിൽ കൂട്ടച്ചിരി ഉയർന്നിരുന്നു. അദ്ദേഹം തുടർന്നു: ''നമുക്ക് തീർച്ചയായും ന്യായീകരിക്കാൻ കഴിയുന്ന ആഗ്രഹങ്ങളും, ആശകളും ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ, തികച്ചും അന്യായമായ ആശകളും, ആഗ്രഹങ്ങളും ആത്യന്തികമായി നിരാശയും, ദുഃഖവും മാത്രമേ പ്രദാനം ചെയ്യൂ! അതു മനസ്സിലാക്കാൻ അല്പം സമയമെടുക്കുമെന്നേയുള്ളൂ. പ്രാർത്ഥന ജീവിതവിജയത്തിന് ഏറ്റവും നല്ല ഔഷധമെന്ന് തിരിച്ചറിവുള്ള ആർക്കാണ് അറിയാത്തത്! പക്ഷേ, അത് നമ്മുടെ ഇഷ്ടദൈവത്തോടാണെങ്കിൽ, നമ്മൾ പ്രാർത്ഥനയായി പറയേണ്ടത്, ദൈവം നമുക്കൊപ്പം നിൽക്കണമെന്നല്ല, മറിച്ച് നമുക്ക് ദൈവത്തോടൊപ്പം നിൽക്കാൻ കഴിയണേയെന്നാണ്! അപ്പോൾ, നമ്മുടെ ആവശ്യങ്ങളും, ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളായി മാറാതെ നമുക്ക് മുന്നേറാൻ കഴിയും! നമുക്ക് അർഹതപ്പെട്ടത് മാത്രമേ ആഗ്രഹിക്കാവുയെന്ന തിരിച്ചറിവുമുണ്ടാകും. ഏഷണികൊണ്ടും, ഭീഷണികൊണ്ടും അന്യന്റെ ചോരയുടെ രുചി ആഗ്രഹിക്കുന്നത് മനുഷ്യ സ്വഭാവമല്ലയെന്നു കൂടി തിരിച്ചറിവുണ്ടാകണം! ഇവിടെയാണ് കുട്ടന്റെയും, മുട്ടന്റെയും കഥയുടെ പ്രസക്തി! കുട്ടനെയും മുട്ടനേയും അറിയില്ലേ? ഇരട്ടകളായ മുട്ടനാടുകളേ! എന്നാൽ, അവർ തമ്മിൽ തെറ്റി. അല്ല, അവരെ തമ്മിൽ തെറ്റിപ്പിച്ചു, ആ ആട്ടിൻതോലിട്ട ചെന്നായ. അങ്ങനെ, കുട്ടനും മുട്ടനും കൊമ്പുകോർത്തു. അവർ അന്യോന്യം കൂട്ടിയിടിച്ചു. അവരുടെ ശിരസ്സുകളിൽ നിന്നും ചോരധാരധാരയായി ഒഴുകി. ചോരയുടെ മണമെന്ന ലഹരിച്ചിറകിൽ ചെന്നായ വർദ്ധിച്ച സന്തോഷത്തോടെ ആ പാവങ്ങളുടെ ചോരത്തുള്ളികൾ നക്കിക്കുടിക്കാൻ തുടങ്ങി. എന്നാൽ, ചെന്നായയുടെ കൊടിയവഞ്ചനയൊന്നും തിരിച്ചറിയാതെ നമ്മുടെ കുട്ടനും മുട്ടനും വർദ്ധിച്ച വീര്യത്തോടെ വീണ്ടും വീണ്ടും കൂട്ടിയിടിച്ചു. പക്ഷേ, ചുടുചോര നുണഞ്ഞുനിന്നചതിയൻ ചെന്നായക്കായിരുന്നു ആ കൂട്ടിയിടിയുടെ
'സുഖ" മനുഭവിക്കാൻ യോഗമുണ്ടായത്. അങ്ങനെ, ആ കൊടും ചതിയന്റെ കഥകഴിഞ്ഞു! അപ്പോൾ വഞ്ചന നെഞ്ചിനെ പിളർക്കുമെന്നു പറഞ്ഞതിലെ പൊരുൾ മനസ്സിലായോ?"" ഇപ്രകാരം പറഞ്ഞുകൊണ്ട് പ്രഭാഷകൻ,സദസ്യരെനോക്കിയപ്പോൾ, എല്ലാവരും ഭീതിയോടെ തന്നെ നോക്കിയിരിക്കുന്നതാണ് കണ്ടത്. എല്ലാവരേയും ഒരുപുഞ്ചിരിയോടെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ''കൈവശാവകാശ നിയമം ഞാൻ പറഞ്ഞതു കേട്ടല്ലോ, സ്വന്തം വീട്ടുകാരെന്നുപറഞ്ഞിട്ടും കാര്യമില്ല, അന്യകൈവശമായാൽ പിന്നെ, പറഞ്ഞിട്ടൊരു കാര്യവുമില്ല.""കൂട്ടച്ചിരികൾക്കിടയിൽ അദ്ദേഹം പറഞ്ഞു നിറുത്തി.