d

കൊച്ചി മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത ഒന്നാം പ്രതി സവാദിനെ (38)​ റിമാൻഡ് ചെയ്തു. ഈ മാസം 24 വരെയാണ് കൊച്ചിയിലെ എൻ.ഐ.എ കോടതി സവാദിനെ റിമാൻഡ് ചെയ്തത്. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതുണ്ടെന്നും സവാദിനെ എറണാകുളം സബ് ജയിലിലേക്ക് അയയ്ക്കണമെന്നുള്ള എൻ.ഐ.എയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഷാജഹാൻ എന്ന പേരിലാണ് സവാദ് ഇപ്പോൾ അറിയപ്പെടുന്നതെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു

ടിജെജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒ ന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്ന അശമന്നൂർ നൂലേലി മുടശേരി സവാദിനെ (38) കണ്ണൂരിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസിയാണ് പിടികൂടിയത്. ഇന്നലെ കണ്ണൂർ മട്ടന്നൂരിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന ഇയാൾ പതിമൂന്നുവർഷമായി ഒളിവിൽ കഴിയുകയായിരുന്നു.'

കൈവെട്ടുനടന്ന അന്നുതന്നെ ആലുവയിൽ നിന്നു സവാദ് ബംഗളൂരുവിലേക്ക് കടന്നതായി ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കേരള പൊലീസ് അന്വേഷിച്ചിരുന്ന കേസ് 2011 മാർച്ചിലാണ് എൻഐഎ ഏറ്റെടുത്തത്.ഇതോടെ സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സവാദിനെ വിദേശത്തുവച്ച് കണ്ടെന്നുള്ള രഹസ്യവിവരം എൻഐഎയ്ക്ക് ലഭിക്കുന്നത്. ഇതേത്തുടർന്ന് അന്വേഷണം കൂടുതൽ ശക്തമാക്കുകയായിരുന്നു. സവാദ് സിറിയയിലേക്ക് കടന്നതായും പ്രചാരണമുണ്ടായിരുന്നു. സവാദിനെ കണ്ടെത്താൻ കഴിഞ്ഞത് എൻഐഎയുടെ വൻ വിജയമായി.

പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ചോദ്യപേപ്പർ തയ്യാറാക്കിയെന്ന് ആരോപിച്ച് 2010 ജൂലായ് ആറിനാണ് പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. കഴിഞ്ഞവര്‍ഷം ജൂലായ് 13നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മുഖ്യപ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയും 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീൻ കുഞ്ഞിനും അയൂബിനും മൂന്നുവർഷം വീതം തടവിനും വിധിച്ചിരുന്നു.മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.