
യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌ത നടപടി വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. കോടതിയിൽ നിന്നുപോലും ഇക്കാര്യത്തിൽ ചോദ്യം ചെയ്യലുണ്ടായി. സെക്രട്ടറിയേറ്റ് മാർച്ചിൽ പൊലീസിനെ ആക്രമിച്ചു,പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, പൊലീസ് വാഹനം ആക്രമിച്ചു തുടങ്ങി വിവിധ കാര്യങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരുന്നത്. രാഹുലിനെതിരെ വീട് വളഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്‌ത നടപടിയെ പരിഹസിച്ച് ഇപ്പോൾ ഫേസ്‌ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. 'ഓപ്പറേഷൻ മാംഗോ ട്രീ' എന്ന അതിസങ്കീർണമായ നീക്കമാണ് രാഹുലിനെതിരെ നടത്തിയതെന്നാണ് ജോയ് മാത്യു കുറിപ്പിൽ പറയുന്നത്.
കേരള പൊലീസിന് തൊപ്പിയിൽ രണ്ട് പൊൻതൂവലാണ് ഇതെന്നും ജോയ് മാത്യു പറയുന്നു. മുഖ്യമന്ത്രിയുടെ അശ്വമേധത്തിനെതിരെ പടനയിച്ച കൊടുംഭീകരനെ സാഹസികമായി കീഴ്‌പ്പെടുത്തിയത് ആദ്യത്തേതും സൂര്യൻ ഉദിച്ചാൽ കരിഞ്ഞുപോകുമെന്ന് പേടിച്ചാണ് ഈ സമയം തിരഞ്ഞെടുത്തതെങ്കിൽ അതിന് രണ്ടാമതായും പൊൻതൂവൽ നൽകുന്നതായി ജോയ് മാത്യു പറയുന്നു.
ജോയ്‌മാത്യുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് പൂർണരൂപം ചുവടെ:
കേരളാപോലീസിനു തൊപ്പിയിൽ രണ്ട് പൊൻ തൂവൽകൾ OMT(operation mango trees) എന്ന അതിസങ്കീര്ണവും സാഹസികവുമായ ഒരു നീക്കത്തിലൂടെ പ്രമുഖ തീവ്രവാദിയും മുഖ്യമന്ത്രിയുടെ അശ്വമേധത്തിനെതിരെ പടനയിച്ചവനുമായ കൊടുംഭീകരനെ അടൂരിലുള്ള ഒളിത്താവളത്തിൽ നിന്നും സൂര്യനുദിക്കും മുൻപേ ഒരു കടുത്ത പോരാട്ടത്തിലൂടെ സാഹസികമായി കീഴ്‌പ്പെടുത്തിയ കേരളാപോലീസിന്റെ തലയിൽ ഇതാ വീണ്ടും പൊൻ തൂവൽ; സൂര്യൻ ഉദിച്ചാൽ കരിഞ്ഞു പോകും എന്ന് പേടിച്ചാണോ ആ സമയം തെരഞ്ഞെടുത്തതെങ്കിൽ ആ കരുതലിനും കിടക്കട്ടെ ഒരു പൊൻതൂവൽ കൂടി