pic

ന്യൂയോർക്ക്: ഇസ്രയേൽ - ഹമാസ് യുദ്ധം മൂലമുള്ള മരണസംഖ്യ ഉയരുന്നതിനെ യു.എൻ പൊതുസഭയിൽ ശക്തമായി അപലപിച്ച് ഇന്ത്യ. യുദ്ധം മൂലമുള്ള ഭയാനകമായ മാനുഷിക പ്രതിസന്ധി അംഗീകരിക്കാനാകില്ലെന്നും യു.എന്നിലെ ഇന്ത്യയുടെ പ്രതിനിധി രുചിര കംബോജ് പറഞ്ഞു. കൊല്ലപ്പെട്ട സാധാരണക്കാരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നും രുചിര ചൂണ്ടിക്കാട്ടി. ഒക്ടോബർ 7ന് ഇസ്രയേലിൽ നടന്ന ഹമാസ് ഭീകരാക്രമണമാണ് ഗാസയിൽ ഇസ്രയേൽ ആക്രമണത്തിന് വഴിവച്ചത്. ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും നിസംശയം അപലപിക്കേണ്ട ഒന്നുമാണ്. ഇസ്രയേൽ, പാലസ്തീനിയൻ നേതാക്കളുമായി ഇന്ത്യൻ ഭരണകൂടം നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. ഇരുപക്ഷവും തമ്മിലുള്ള നേരിട്ടുള്ളതും അർത്ഥവത്തായതുമായ ചർച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകൂ എന്നും രുചിര പറഞ്ഞു. ഇതുവരെ 23,300ലേറെ പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.