pic

ബീജിംഗ്: മാലദ്വീപുമായി ഉഭയകക്ഷി ബന്ധം വികസിപ്പിക്കാനും അതിനായി പദ്ധതികൾ രൂപീകരിക്കാൻ തയാറാണെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഷീയുടെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ അപകീർത്തികരമായ പരാമർശത്തിന്റെ പേരിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ചൈനയും മാലദ്വീപും തമ്മിൽ കൂടുതൽ അടുക്കുന്നത്. മുൻ നിശ്ചയിച്ച ഉഭയകക്ഷി ചർച്ചകൾക്കായി തിങ്കളാഴ്ചയാണ് മുയിസു ചൈനയിലെത്തിയത്.

ഇന്നലെ ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഒഫ് ദ പീപ്പിളിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ മുയിസുവിനെ ' പഴയ സുഹൃത്ത് ' എന്നാണ് ഷീ അഭിസംബോധന ചെയ്തത്. മാലദ്വീപിൽ കൂടുതൽ നിക്ഷേപത്തിന് ചൈന ഒരുങ്ങുന്നതായാണ് വിവരം. ഇരുരാജ്യങ്ങളും തമ്മിൽ ടൂറിസം മേഖലയിലടക്കം 20 കരാറുകളിൽ ഒപ്പിട്ടു. മാലദ്വീപിന് ചൈന വൻ തുക സഹായ വാഗ്ദ്ധാനവും നൽകി. എന്നാലിത് എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. വിനോദ സഞ്ചാരത്തിന്റെ ഏകോപനത്തിന് ഇരുരാജ്യങ്ങൾക്കുമിടെയിൽ നേരിട്ടുള്ള വിമാന സർവീസുകൾ കൂട്ടാമെന്ന് ഷീ അറിയിച്ചു.

മാലദ്വീപിന്റെ സാമ്പത്തിക വിജയത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ചൈന വഹിച്ച നിർണായക പങ്കിന് നന്ദിയറിയിക്കുന്നതായി മുയിസു പറഞ്ഞു. ബീജിംഗിലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മ്യൂസിയം സന്ദർശിച്ച ശേഷമാണ് മുയിസു ഷീയെ കണ്ടത്.

ലോകബാങ്ക് കണക്കുകൾ പ്രകാരം മാലദ്വീപിന് ചൈനയുമായി 1.37 ബില്യൺ ഡോളർ അല്ലെങ്കിൽ തങ്ങളുടെ പൊതു കടത്തിന്റെ ഏകദേശം 20 ശതമാനം കടമാണുള്ളത്. ചെറിയ രാജ്യങ്ങൾക്ക് വൻ തുക കടം നൽകി സാമ്പത്തികമായി തകർത്ത ശേഷം അവരെ നിയന്ത്രണ പരിധിയിലാക്കുന്ന ചൈനീസ് തന്ത്രത്തിൽ മാലദ്വീപ് കുടുങ്ങിയതിന് വ്യക്തമായ തെളിവാണിതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വൻതോതിലുള്ള ചൈനീസ് നിക്ഷേപം മാലദ്വീപിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഒക്ടോബറിൽ പുറത്തുവിട്ട വികസന റിപ്പോർട്ടിൽ ലോകബാങ്കും മുന്നറിയിപ്പ് നൽകിയിരുന്നു.

 ഇന്ത്യക്കാരോട് അഭ്യർത്ഥനയുമായി മാലദ്വീപ് ടൂറിസം സംഘടന

മാലെ: മാലദ്വീപിലേക്ക് ഇന്ത്യക്കാരുടെ വിമാന യാത്രാ ബുക്കിംഗ് പുനഃരാരംഭിക്കണമെന്ന് ഈസ് മൈ ട്രിപ്പ് ഏജൻസിയോട് അഭ്യർത്ഥിച്ച് മാലദ്വീപിലെ ടൂറിസം സംഘടനയായ മാലദ്വീപ് അസോസിയേഷൻ ഒഫ് ടൂർ ആൻഡ് ട്രാവൽ ഓപ്പറേ​റ്റേഴ്സ് ( എം.എ.ടി.എ.ടി.ഒ ). ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് എല്ലാ മാലദ്വീപ് വിമാന ബുക്കിംഗും താത്കാലികമായി നിറുത്തിവച്ചതായി ഈസ് മൈ ട്രിപ്പ് അറിയിച്ചത്. ഇതുകൂടാതെ, മുൻകൂട്ടി ബുക്കു ചെയ്‌തവരും മാലദ്വീപ് സന്ദർശനം റദ്ദാക്കുന്നതിനിടെയാണ് അഭ്യർത്ഥന. ഇന്ത്യൻ സഞ്ചാരികൾ സഹോദരീ സഹോദരന്മാരാണെന്നും മാലദ്വീപിന്റെ ജീവവായു ടൂറിസമാണെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ടൂറിസം മേഖലയിലെ പ്രതികൂല സാഹചര്യം തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. ഇന്ത്യക്കാർ മാലദ്വീപ് ടൂറിസത്തിന്റെ വിജയത്തിൽ ഒഴിച്ചുകൂടാനാകാത്ത ശക്തിയാണ്. ഖേദകരമായ ചില അഭിപ്രായങ്ങൾ അവഗണിക്കണം. അവ മാലദ്വീപുകാരുടെ പൊതു വികാരങ്ങൾ പ്രതിഫലിപ്പിക്കുന്നില്ലെന്നും എം.എ.ടി.എ.ടി.ഒ വ്യക്തമാക്കി. രാജ്യത്തേക്ക് കൂടുതൽ സഞ്ചാരികളെ അയക്കണമെന്ന് ചൈനയോട് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു. മോദിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ അപകീർത്തികരമായ പ്രസ്‌താവന പുറപ്പെടുവിച്ച മറിയം ഷിയുന, മാൽഷ ഷെരീഫ്, മഹ്സൂം മാജിദ് എന്നീ മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം സസ്‌പെൻഡ് ചെയ്‌തിരുന്നു.