
ന്യൂഡൽഹി : മഹാരാഷ്‌ട്രയിൽ 2018ലെ നേതൃഘടന പ്രകാരം തങ്ങളാണ് യഥാർത്ഥ ശിവസേനയെന്ന ഉദ്ധവ് പക്ഷത്തിന്റെ വാദം തള്ളിയാണ് സ്പീക്കർ രാഹുൽ നർവേകർ ഷിൻഡെ പക്ഷം ശിവസേനയെ അംഗീകരിച്ചത്. 2018-ലെ നേതൃത്വ ഘടന തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ 1999-ലെ ഭരണഘടനയ്ക്ക് അനുസൃതമായിരുന്നില്ല. പാർട്ടിയിൽ വിരുദ്ധ ചേരികൾ ഉണ്ടാകും മുമ്പ് തിരഞ്ഞെടുപ്പ് കമ്മിഷന് അവസാനം സമർപ്പിച്ച ഭരണഘടന 199ലേതാണ്. ഇലക്‌ഷൻ കമ്മിഷൻ സ്പീക്കർക്ക് കൈമാറിയതും ആ ഭരണഘടനയാണ്. അതാണ് ഞാൻ മാനദണ്ഡമാക്കിയതും. 1999ലെ ഭരണഘടന ആധാരമാക്കി ഔദ്യോഗിക വിഭാഗത്തെ നിശ്ചയിക്കണമെന്ന ഷിൻഡെയുടെ വാദം ശരിവച്ചു.
അതിനാൽ ശിവസേനാ അദ്ധ്യക്ഷനായ ഷിൻഡെയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഉദ്ധവിന് അധികാരമില്ലെന്നും സ്പീക്കർ വ്യക്തമാക്കി. ഷിൻഡെ വിഭാഗം എം.എൽ.എമാരെ അയോഗ്യരാക്കാനുമാകില്ല. ഉദ്ധവ് വിഭാഗം എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന ഷിൻഡെ പക്ഷത്തിന്റെ പരാതിയും സ്പീക്കർ തള്ളി.
ഉദ്ധവ് പക്ഷം ചീഫ് വിപ്പായി സുനിൽ പ്രഭുവിനെയും ഷിൻഡെ പക്ഷം ചീഫ് വിപ്പായി ഭരത് ഗോഗാവാലയെയും നിയമിച്ചതും അംഗീകരിച്ചു.
ഇരു പക്ഷങ്ങളുടെയും 34 പരാതികൾ പ്രകാരം 54 എം.എൽ.എമാരുടെ അയോഗ്യതയിൽ ജനുവരി 10നകം തീരുമാനമെടുക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യ ശാസനത്തെ തുടർന്നാണ് സ്‌പീക്കറുടെ ഉത്തരവ്.
പരാതികളിൽ തീരുമാനമെടുക്കാനിരിക്കെ ജനുവരി ഏഴിന് താൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത് തെറ്റായെന്ന ഉദ്ധവ് വിഭാഗത്തിന്റെ ആരോപണവും സ്പീക്കർ തള്ളി.
തർക്കത്തിന്റെ നാൾ വഴി:
2022 ജൂൺ 21-ന്, മഹാ വികാസ് അഘാഡി സഖ്യത്തിൽ തുടരുന്നതിൽ പ്രതിഷേധിച്ച് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ സേന എം.എൽ.എമാരുടെ വിമത നീക്കം
നിയമസഭാ കക്ഷിനേതാവായിരുന്ന ഷിൻഡെയെ നീക്കി അജയ് ചൗധരിയെയും സുനിൽ പ്രഭുവിനെ പാർട്ടി ചീഫ് വിപ്പായും നിയമിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
ഷിൻഡെ വിഭാഗം ഭരത്‌ഷേത് ഗോഗാവാലയെ ചീഫ് വിപ്പായി നിയമിച്ചു.
പിളർപ്പിന് ശേഷം, വിപ്പ് സുനിൽ പ്രഭു വിളിച്ച യോഗത്തിൽ പങ്കെടുക്കാത്തതിന് ഷിൻഡെ അടക്കം 40 എം.എൽ.എമാർക്കെതിരെ ഉദ്ധവ് പക്ഷത്തിന്റെ അയോഗ്യതാ ഹർജി.
ഉദ്ധവ് അടക്കം 14 എം.എൽ.എമാരെ അയോഗ്യരാക്കാൻ ഷിൻഡെ പക്ഷത്തിന്റെ ഹർജി. ഇതിനെതിരെ സുനിൽ പ്രഭു നൽകിയ കേസാണ് സുപ്രീംകോടതിയിലുള്ളത്.
ഉദ്ധവ് രാജി വച്ചു, അഘാഡി സർക്കാർ വീണു. ബി.ജെ.പി പിന്തുണയോടെ ഏക്‌നാഥ് ഷിൻഡെ സർക്കാർ രൂപീകരിച്ചു
തിരഞ്ഞെടുപ്പ് കമ്മിഷൻ അമ്പും വില്ലും ചിഹ്നം മരവിപ്പിച്ചു.
2023 ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഷിൻഡെ പക്ഷത്തെ ശിവസേനയുടെ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ച് പാർട്ടി ചിഹ്‌നമായ അമ്പും വില്ലും അനുവദിച്ചു.