hj

'രണ്ട് നാല് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.'ജ്ഞാനപ്പാനയിലെ പൂന്താനത്തിന്റെ വരികൾ. 'ഇരുട്ടി വെളുക്കുന്നതിന് മുമ്പ് ഒരാളെ രാഷ്ട്രീയത്തിലെ താരമാക്കി മാറ്റുന്നതും കേരള പൊലീസ് ' എന്ന് ഇനി മാറ്റി പാടേണ്ടി വരുമോ?.

രാഹുൽ എന്ന് കേട്ടാൽ എല്ലാവർക്കും അത് രാഹുൽ ഗാന്ധിയാണ്. രാഹുൽ മാങ്കൂട്ടമെന്ന് കേട്ടാലോ?. അതാരെന്ന് രാത്രികാല ചാനൽ ചർച്ചകളിലെ 'കടിപിടികൾ' കാണുന്ന ചുരുക്കം ചിലരൊഴികെ ഭൂരിഭാഗം കേരളീയർക്കും അറിയില്ലായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും, വിവാദങ്ങൾ പിന്നാലെ കൂടിയതിനാൽ വാർത്താ പ്രാധാന്യം നേടിയില്ല. സംഘടനാ തിരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മിഷന്റേതിന് സമാനമായ വ്യാജ ഐ.ഡി കാർഡുകൾ നിർമ്മിച്ച കേസിൽ പിടിയിലായ യൂത്തിലെ വിരുതന്മാർ മാങ്കൂട്ടത്തിലിനുമായി അടുപ്പമുള്ളവരെന്ന ആരോപണം ഒരു വശത്ത്. സംഘടനാ പ്രവർത്തന പരിചയമില്ലാത്ത 'ചാനൽക്കിളി'യെന്ന സ്വന്തം പാളയത്തിലെ പഴി മറു വശത്ത്.

പക്ഷേ, ലോട്ടറി അടിക്കുമ്പോലെ എല്ലാം വളരെ പെട്ടെന്നായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച നേരം പുലരും മുമ്പ് തുടങ്ങി സകലമാന ചാനലുകളിലും, പിറ്റേന്നത്തെ പത്രങ്ങളിലും നിറഞ്ഞു നിന്നത് രാഹുൽ മാങ്കൂട്ടത്തിലാണ്. അതിന് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥരുടെയും, 'ബുദ്ധി' ഉപദേശകരുടെയും 'അതി സാമർത്ഥ്യത്തിന്' നല്ല നമസ്കാരം!. അടൂരിലെ മാങ്കൂട്ടത്തിലിന്റെ വീട് വളഞ്ഞാണ് തിരുവനന്തപുരത്തെ പൊലീസ് സംഘം വെളുപ്പിന് 'അതി സാഹസികമായി' പിടി കൂടിയത്. കതകിൽ തട്ടി വിളിച്ച് വീട്ടിനുള്ളിലേക്ക് പാഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ, ഉറങ്ങിക്കിടന്ന രാഹുലിനെ വിളിച്ചുണർത്തി പ്രഖ്യാപിച്ചു: 'യു ആർ അണ്ടർ അറസ്റ്റ്'!. നിലവിളിച്ച രാഹുലിന്റെ അമ്മയ്ക്കും, സഹോദരിക്കും, അറസ്റ്റിന്റെ കാര്യമറിഞ്ഞപ്പോൾ തെല്ലാശ്വാസം. സെക്രട്ടേറിയറ്റ് പടിക്കൽ ഡിസംബർ 20ന് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് മൂന്നാഴ്ചയ്ക്ക് ശേഷമുള്ള വീടുവളയൽ നാടകം.

തന്റെ മകൻ മാനഭംഗക്കേസിലെയോ, കവർച്ചക്കേസിലെയോ പ്രതിയല്ലല്ലോ എന്നായിരുന്നു ആ അമ്മ സ്വയം സമാധാനിച്ചത്. സെക്രട്ടേറിയറ്റ് മാർച്ചിന് ശേഷം രാഹുൽ ഒളിവിലായിരുന്നില്ല. അറസ്റ്റ് അന്നോ, പിന്നീടുള്ള ദിവസമോ ആയിരുന്നെങ്കിൽ പൊലീസിന്റെ സ്വാഭാവിക നടപടിയായി ഒതുങ്ങിയേനെ. ഒന്നോ, രണ്ടോ കരിങ്കൊടി പ്രതിഷേധവും സതീശന്റെ പ്രസ്താവനയും. തീർന്നേനെ. എല്ലാം കുളമാക്കിയില്ലേ?. വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് 'വേണ്ടാത്തിടത്ത്'വച്ച സ്ഥിതിയായി. തന്നെ ചുളവിൽ സ്റ്റാറാക്കിയത് കേരള പൊലീസിലെ ചില ' ഏമാന്മാരാണെന്ന കാര്യം രാഹുൽ മറക്കരുത്!. ഉപകാര സ്മരണയ്ക്കായി സ്വന്തം വീടിന്റെ ഉമ്മറത്ത് അവരിൽ ആരുടെയെങ്കിലും ഫോട്ടോ ചില്ലിട്ട് വയ്ക്കാം.'ഏമാൻ ഈ വീടിന്റെ ഐശ്വര്യം 'ബുദ്ധി ഉപദേശകരുടെ' പടവുമാകാം. 1970കളിൽ 'ധീരാ, വീരാ സുധീരാ, ധീരതയോടെ നയിച്ചോളൂ' എന്ന് വിളിച്ചത് പോലെ, 'മാങ്കൂട്ടത്തിലേ, ധീരതയോടെ നയിച്ചോളൂ ' എന്ന് ഗ്രൂപ്പ് ഭേദം മറന്ന് യൂത്ത് കോൺഗ്രസുകാർ വിളിച്ചു തുടങ്ങി. വെറും രാഹുൽജിയെന്ന് വിളിച്ചാൽ അതിന്റെ ക്രെഡിറ്റ് സാക്ഷാൽ രാഹുൽ ഗാന്ധി അടിച്ചോണ്ട് പോകും. മാങ്കൂട്ടത്തിലെന്ന് കൂടി ചേർത്ത് വിളിക്കാൻ മറക്കരുത്!.

□□□□□□□□□□ □□□□□□□□□□□□□ □□□□□□□□□

'ചക്കിന് വച്ചത് കൊക്കിന് കൊണ്ടു'. യഥാർത്ഥത്തിൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടുക്കി 'സർജിക്കൽ സ്ട്രൈക്ക് ' പൊളിക്കാനാണ് പൊലീസിലെ 'ബുദ്ധി രാക്ഷസന്മാർ' അതേ ദിവസം തന്നെ കരുതിക്കൂട്ടി അടൂരിൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നാടകം പ്ളാൻ ചെയ്തതെന്നാണ് അണിയറയിൽ കേൾക്കുന്നത്. ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി ഒമ്പതിന് രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരുന്നു. കൗശലക്കാരനായ ഗവർണർ സർക്കാരിനോട് വീണ്ടും ഒന്ന് മുട്ടാൻ തന്നെ ഉറച്ചു. അതേ ദിവസം ഇടുക്കിയിൽ വ്യാപാരികളുടെ പരിപാടിയിൽ പങ്കെടുക്കാമെന്ന് സംഘാടകരെ അറിയിച്ചു. 'അവിടെ കല്യാണം, ഇവിടെ പാല് കാച്ച് '. ഇടുക്കിയിൽ ഗവർണറെ തടയില്ലെന്ന് ഇടതു നേതാക്കൾ പറഞ്ഞെങ്കിലും, കരിങ്കൊടി പ്രതിഷേധം ഉറപ്പായിരുന്നു. വാഹനത്തിന് നേർക്ക് ആരെങ്കിലും ചാടി വീഴുകയും, തിരുവനന്തപുരത്ത് പേട്ടയിലേത് പോലെ ഗവർണർ ചാടിയിറങ്ങി 'റോഡ് ഷോ' നടത്തുകയും ചെയ്താൽ സംഗതി പുലിവാലാകും. ഗവർണർ അങ്ങനെ ചാനലുകളിൽ വിലസുന്നത് തടയാനും, ജനശ്രദ്ധ മാറ്റാനുമാണത്രെ അന്ന് സൂര്യനുദിക്കും മുമ്പേയുള്ള പൊലീസിന്റെ 'അടൂർ ഓപ്പറേഷൻ'. എല്ലാ ജനശ്രദ്ധയും അവിടെയായി. ഇടുക്കിയിൽ ഗവർണർ വന്നതും പോയതും വാർത്തയല്ലാതായി. ഒരു വെടിക്ക് രണ്ട് പക്ഷിയെ വീഴ്ത്തുകയായിരുന്നു ലക്ഷ്യം. അതിലൊന്നിൽ ഉന്നം പിഴച്ചെങ്കിലും, മറ്റേ പക്ഷി വീണില്ലേ? എങ്ങനെയുണ്ട് ബുദ്ധി?.

□□□□□□□□□□ □□□□□□□□□□□□ □□□□□□□□□□

നാട്ടിൽ ഏത് കല്യാണത്തിനും വിളിച്ചാലും ഇല്ലെങ്കിലും ഹാജരായി സദ്യയുണ്ട് മടങ്ങുന്ന ചിലരുണ്ട്. കല്യാണത്തിന് തിരക്കിട്ട് പോകുന്ന അവരോട് 'നിങ്ങളെ വിളിച്ചതാണോ'യെന്ന് ആരെങ്കിലും തിരക്കിയാൽ ഉടൻ മറുപടിയെത്തും.'വിളിക്കേണ്ടത് വീട്ടുകാരുടെ ഉത്തരവാദിത്തം. പോകേണ്ടത് നമ്മുടെ കടമ'.

അയോദ്ധ്യയിൽ പുതിയ രാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് പോകുന്ന കാര്യത്തിൽ വൈകി 'അഴകൊഴമ്പൻ'

കോൺഗ്രസ് നേതൃത്വത്തെയും ഇത്തരം കടമകൾ ഓർമ്മിപ്പിച്ച് രാമ ക്ഷേത്രത്തിൽ പോകാൻ ബഹളം കൂട്ടുന്ന നേതാക്കൾ പാർട്ടിയിൽ ഏറെയുണ്ട്. വിശേഷിച്ച് ഹിന്ദി ഭായിമാർ. പോകാനേ പാടില്ലന്ന് കേരളത്തിലെ ഉൾപ്പെടെ മറ്റ് ചില നേതാക്കളും.

കോൺഗ്രസിലെ മൂന്ന് പ്രമുഖ നേതാക്കൾക്കാണ് ചടങ്ങിന് ക്ഷണം. ആഴ്ചകൾ നീണ്ട ചർച്ചകൾക്കും, കടുത്ത സമ്മർദ്ദങ്ങൾക്കുമൊടുവിൽ, നേതൃത്വം പ്രഖ്യാപിച്ചു.'ഞങ്ങളാരും പോകുന്നില്ല'. ഇത് കേട്ട് കേരളത്തിലെ നേതാക്കൾ സമാശ്വസിച്ചെങ്കിലും, ഹിന്ദി ബെൽറ്റിലെ പല നേതാക്കളും നിരാശയിലുമാണ്. ഹിന്ദു വോട്ടുകൾ ചോരൂമോ എന്നാണ് ഭയം. കേരളത്തിലെ നേതാക്കളുടെ ആശങ്ക ലീഗും, സമസ്തയും മറ്റും കണ്ണുരുട്ടി കാണിക്കുന്നതിലാണ്. 'ക്ഷണം വ്യക്തിപരമായതിനാൽ പാർട്ടിയിലെ ആർക്കെങ്കിലും വേണമെങ്കിലും പോകാ'മത്രെ. ഇവിടെയും, അവിടെയും തൊടാതെയുള്ള തീരുമാനം. ബഹിഷ്കരണമുണ്ടോ?. ഉണ്ട്. എന്നാൽ ഉണ്ടോ? ഇല്ല. ക്ഷണം കിട്ടിയിട്ടും പോകുന്നില്ലെന്ന് സീതാറാം യെച്ചൂരിക്ക് ഒറ്റയടിക്ക് പറയാം. നഷ്ടപ്പെടാൻ സി.പി.എമ്മിന് ഒന്നുമില്ല. അത് പോലെ പറ്റുമോ കോൺഗ്രസിന്?.

നുറുങ്ങ്:

അമേരിക്കയിൽ ചികിത്സയ്ക്ക് പോയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് സ്വീകരണം നൽകുന്നതിനെച്ചൊല്ലി അവിടത്തെ പ്രവാസി കോൺഗ്രസ് സംഘടനകൾ തമ്മിൽ കശപിശ.

□ചന്ദ്ര മണ്ഡലത്തിൽ പോയാലും കേരളത്തിലെ കോൺഗ്രസുകാർ പഠിച്ചതേ പാടൂ!

(വിദുരരുടെ ഫോൺ: 9946108221)