
ചങ്ങനാശേരി: അയോദ്ധ്യയിയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണ്ടത് ഏതൊരു ഈശ്വര വിശ്വാസിയുടെയും കടമയാണെന്നും എൻ.എസ്.എസ് നിലപാട് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളെ സഹായിക്കാൻ അല്ലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പത്രക്കുറിപ്പിൽ പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് തീരുമാനം വന്നതിന് പിന്നാലെയാണ് എൻ.എസ്. എസ് പരോക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
22ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിൽ ജാതിയോ മതമോ നോക്കേണ്ടതില്ല. രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയെന്നുവേണം പറയാൻ. ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയപാർട്ടികളോ ഇതിനെ എതിർക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്വാർത്ഥതയ്ക്കും രാഷ്ട്രീയ നേട്ടങ്ങൾക്കും വേണ്ടി മാത്രമായിരിക്കും. ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടോ രാഷ്ട്രീയപാർട്ടിക്കുവേണ്ടിയോ അല്ല എൻ. എസ്.എസ് ഈ നിലപാട് സ്വീകരിക്കുന്നതെന്നും ജി.സുകുമാരൻ നായർ പറഞ്ഞു.
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് അറിയിച്ചിരുന്നു.
പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി, ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർ ചടങ്ങിനുള്ള ക്ഷണം നിരസിക്കുകയാണെന്ന് എ.ഐ.സി.സി കമ്മ്യൂണിക്കേഷൻ ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു . പൂർത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിലൂടെ ബി.ജെ.പിയും ആർ.എസ്.എസും തിരഞ്ഞെടുപ്പു നേട്ടം ലക്ഷ്യമിടുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
ദശലക്ഷക്കണക്കിന് ആളുകൾ ശ്രീരാമനെ ആരാധിക്കുന്നുണ്ടെങ്കിലും അയോദ്ധ്യയിലെ ക്ഷേത്രം ആർ.എസ്.എസും ബി.ജെ.പിയും രൂപം നൽകിയ രാഷ്ട്രീയ പദ്ധതിയാണ്. മതം വ്യക്തിപരമാണ്. 2019 ലെ സുപ്രീം കോടതി വിധിയിൽ ഉറച്ചുനിന്നും ശ്രീരാമനെ ആരാധിക്കുന്ന ദശലക്ഷങ്ങളുടെ വികാരങ്ങളെ മാനിച്ചുമാണ് ക്ഷണം ആദരപൂർവം നിരസിക്കുന്നതെന്നും ജയ്റാം രമേശ് വിശദീകരിച്ചു.
ചടങ്ങിൽ പങ്കെടുന്നതിനെച്ചൊല്ലി പാർട്ടിയിൽ രണ്ടഭിപ്രായമുയർന്നിരുന്നു. ഉത്തർപ്രദേശ് പി.സി.സിയും ഹിമാചൽ മുഖ്യമന്ത്രി സുഖ്വീന്ദർസിംഗ് സുഖു, മധ്യപ്രദേശിലെ ദിഗ്വിജയ് സിംഗ് തുടങ്ങിയവരും പങ്കെടുക്കണമെന്ന നിലപാട് സ്വീകരിച്ചപ്പോൾ കേരള ഘടകം അടക്കം എതിർത്തു. ക്ഷണം നിരസിക്കുന്നത് പാർട്ടി മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന വടക്കേ ഇന്ത്യയിൽ തിരിച്ചടിയാകുമെന്ന് കരുതുന്ന വിഭാഗവുമുണ്ട്.