pic

പ്യോഗ്യാംഗ്: ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന് 40 വയസായെന്ന് റിപ്പോർട്ട്. കിം തന്റെ ജന്മദിനം ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ കിമ്മിന്റെ പിറന്നാൾ ശരിക്കും എന്നാണെന്ന് നിരീക്ഷകർക്കും വ്യക്തമല്ല. ഏതായാലും 40ൽ കുറയാൻ ഇടയില്ലെന്ന് വിദഗ്ദ്ധർ ഉറപ്പിച്ചു പറയുന്നു.

ലഭ്യമായ വിവരങ്ങൾ ശരിയെങ്കിൽ, തിങ്കളാഴ്ച കിമ്മിന് 40 വയസായെന്ന് കരുതുന്നു. അന്നേ ദിവസം തന്നെ കിമ്മും മകളും ഒരു ചിക്കൻ ഫാം സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ ഉത്തര കൊറിയ പുറത്തുവിട്ടിരുന്നു. കിമ്മിന്റെ പിതാവ് കിം ജോംഗ് ഇല്ലിന്റെയും മുത്തച്ഛൻ കിം ഇൽ സൂംഗിന്റെയും ജന്മദിനങ്ങൾ അവർ അധികാരത്തിലിരുന്ന കാലത്ത് തന്നെ വലിയ ദേശീയ ആഘോഷങ്ങളും അവധി ദിവസങ്ങളുമായിരുന്നു. ഈ സമ്പ്രദായം ഇന്നും തുടരുന്നുണ്ട്.

2020 ജനുവരിയിൽ അന്നത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കിമ്മിന് ജന്മദിനാശംസകൾക്ക് നേർന്നിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ദിവസം വ്യക്തമാക്കിയില്ല. 2014 ജനുവരി 8ന് യു.എസ് ബാസ്‌ക്ക​റ്റ്‌ബോൾ താരം ഡെന്നീസ് റോഡ്മാൻ ഉത്തര കൊറിയ സന്ദർശിക്കവെ പ്യോഗ്യാംഗിൽ നടന്ന പൊതുപരിപാടിക്കിടെ ജനക്കൂട്ടത്തോടൊപ്പം കിമ്മിന് ജന്മദിനാശംസകൾ നേർന്ന് ഗാനം ആലപിച്ചിരുന്നു.

1984ലാണ് കിം ജനിച്ചതെന്നാണ് പൊതുവെ വാദം. ചില ഔദ്യോഗിക രേഖകളിൽ 1982ലാണ് കിം ജനിച്ചതെന്നും പറയുന്നുണ്ട്. എന്നാൽ 1984ലാണ് കിം ജനിച്ചതെന്ന് ദക്ഷിണ കൊറിയൻ ഇന്റലിജൻസ് ഏജൻസിയും ചൂണ്ടിക്കാട്ടുന്നു.

 എല്ലാം സീക്രട്ട് !

കിമ്മിനെ പറ്റി വളരെ പരിമിതമായ അറിവേ ലോകത്തിനുള്ളൂ. കൂടുതലും അഭ്യൂഹങ്ങളാണ്. പിതാവ് കിം ജോംഗ് ഇൽ 2011 ഡിസംബർ 17ന് മരണമടഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ മകനായ കിം ജോംഗ് ഉൻ വർക്കേഴ്സ് പാർട്ടി ഒഫ് കൊറിയയുടെയും രാജ്യത്തിന്റെയും സൈന്യത്തിന്റെയും ഏകാധിപതിയായി നിയമിക്കപ്പെട്ടു. ഉത്തരകൊറിയയുടെ പിതാവെന്നറിയപ്പെടുന്ന കിം ഇൽ സൂംഗ്, കിം ജോംഗ് ഉന്നിന്റെ മുത്തച്ഛനാണ്.

കിം ജോംഗ് ഇല്ലിന്റെയും അദ്ദേഹത്തിന്റെ മൂന്നാം ഭാര്യയായ കോ യംഗ് ഹ്യൂയിയുടെയും മൂന്ന് മകളിൽ ഇളയമകനായ കിം പൊതുവെ അന്തർമുഖനും ഒറ്റപ്പെട്ട് നടക്കുന്നയാളുമായിരുന്നു. ഇയാളെ പറ്റി ലോകത്തിന് അറിയാവുന്ന കാര്യങ്ങൾ ഇതൊക്കെ മാത്രമാണ്. പിതാവിന്റെ അതേ ഛായയാണ് കിംഗ് ജോംഗ് ഉന്നിനുള്ളത്. ഈ സാമ്യതയാണ് അദ്ദേഹത്തെ ഉത്തരകൊറിയയുടെ അനന്തരാവകാശിയാക്കിയതെന്ന് ചിലർ പറയുന്നു.

റി - സോൽ ജുവാണ് കിമ്മിന്റെ ഭാര്യ. ജൂ ഏ എന്ന മകളുണ്ട് കിമ്മിന്. ജൂ ഏ കിമ്മിന്റെ പിൻഗാമിയാകുമെന്നാണ് റിപ്പോർട്ട്. ഏകദേശം 10 വയസാണ് ജൂവിന്റെ പ്രായം. ജൂവിനെ കൂടാതെ മറ്റൊരു മകളും മകനും കൂടി കിമ്മിനുണ്ടെന്നാണ് കരുതുന്നത്.

2022 നവംബറിലാണ് ജൂ ആദ്യമായി കിമ്മിനൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ആണവ മിസൈൽ പരേഡുകളിലടക്കം കിമ്മിനൊപ്പം ജൂവും ഇപ്പോൾ എത്താറുണ്ട്. ഭക്ഷണപ്രിയനായ കിമ്മിന് ചീസ്, വൈൻ എന്നിവയോട് വലിയ ഇഷ്‌ടമാണത്രെ. പ്രമേഹമടക്കം നിരവധി ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. കിം മരിച്ചെന്ന തരത്തിൽ നിരവധി തവണ അഭ്യൂഹങ്ങൾ പ്രചരിച്ചിട്ടുണ്ട്.