
വാഷിംഗ്ടൺ : യു.എസ് മുൻ പ്രഥമ വനിത മെലാനിയ ട്രംപിന്റെ മാതാവ് അമലിയ ക്നാവ്സ് ( 78 ) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. ഏറെ നാളായി അസുഖബാധിതയായിരുന്നു. തന്റെ ഭാര്യാമാതാവ് രോഗബാധിതയാണെന്ന് അടുത്തിടെ ഫ്ലോറിഡയിൽ നടന്ന പരിപാടിക്കിടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
പാം ബീച്ചിലെ മാർ - അ - ലാഗോയിൽ കഴിഞ്ഞ മാസം നടന്ന ട്രംപ് കുടുംബത്തിന്റെ ക്രിസ്മസ് ആഘോഷങ്ങളിൽ നിന്ന് മെലാനിയ വിട്ടുനിന്നത് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. തന്റെ രോഗിയായ അമ്മയെ പരിചരിക്കാനാണ് വിട്ടുനിന്നതെന്ന് മെലാനിയ പിന്നീട് വ്യക്തമാക്കി. സ്ലോവേനിയൻ സ്വദേശികളായ അമലിയയും ഭർത്താവ് വിക്ടറും ട്രംപ് സ്‌പോൺസർ ചെയ്ത ഗ്രീൻ കാർഡിലാണ് യു.എസിലെത്തിയത്. 2018ൽ ഇരുവരും യു.എസ് പൗരത്വം നേടി.
1970ൽ ഇന്നത്തെ സ്ലോവേനിയയിലാണ് മെലാനിയയുടെ ജനനം. അമലിയ ഒരു ടെക്സ്റ്റൈൽ ഫാക്ടറിയിൽ ജോലിക്കാരിയും വിക്ടർ കാർ സെയ്ൽസ്മാനുമായിരുന്നു. സ്ലോവേനിയൻ തലസ്ഥാനമായ ലുബ്ലിയാനയിലെ ഹൈസ്‌കൂളിലാണ് മെലാനിയ പഠിച്ചത്. 16ാം വയസിൽ മോഡലിംഗ് കരിയറിന് തുടക്കമിട്ട മെലാനിയ 1996 ലാണ് ന്യൂയോർക്കിലെത്തിയത്. മുൻ ഫാഷൻ മോഡലായ മെലാനിയ സ്പോർട്സ് ഇല്ലുസ്ട്രേറ്റഡ്, വാനിറ്റി ഫെയർ, വോഗ്, ഹാർപേർസ് ബസാർ തുടങ്ങിയ മാഗസിനുകൾക്ക് വേണ്ടി മോഡലായിട്ടുണ്ട്. 1998ലാണ് മെലാനിയ ആദ്യമായി ഡൊണാൾഡ് ട്രംപിനെ കണ്ടുമുട്ടുന്നത്. 2005ൽ ഇരുവരും വിവാഹിതരായി. ട്രംപിന്റെ മൂന്നാമത്തെ ഭാര്യയാണ് മെലാനിയ. ട്രംപ് - മെലാനിയ ദമ്പതികളുടെ ഏകമകൻ ബാരൺ 2006ലാണ് ജനിച്ചത്.