
അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അബുദാബിയിലെത്തി പ്രവാസികളെ അഭിസംബോധന ചെയ്യും. ഫെബ്രുവരി 13ന് അബുദാബിയിലെ സായിദ് സ്‌പോർട്സ് സിറ്റി സ്‌റ്റേഡിയത്തിൽ നടക്കുന്ന 'അഹ്‌ലൻ മോദി' എന്ന് പരിപാടിയിലാണ് മോദി പങ്കെടുക്കുക. ഈ പരിപാടിയിൽ പങ്കെടുക്കാൻ നിരവധി പ്രവാസികളാണ് രജിസ്റ്റർ ചെയ്തതെന്ന് സംഘാടകർ അറിയിച്ചു.
സംഘാട സമിതി പറയുന്നതനുസരിച്ച് ഇതിനകം തന്നെ https://ahlanmodi.ae/. എന്ന് വെബ്സെെറ്റ് വഴി 20,000 പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. വലിയ പരിപാടിയായാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും സംഘാടകർ പറഞ്ഞു. കഴിഞ്ഞയാഴ്ച ദുബായിൽ നടന്ന ഇന്ത്യാ ക്ലബ്ബിന്റെ പരിപാടിക്കിടെയാണ് 'അഹ്‌ലൻ മോദി' എന്ന പരിപാടിയ്ക്ക് പ്രഖ്യാപനം നടത്തിയത്.
വിവിധ പ്രദേശങ്ങളെയും കമ്മ്യൂണിറ്റികളെയും പ്രതിനിധീകരിച്ച് 350ലധികം ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ ഇന്ത്യൻ ക്ലബ്ബിന്റെ പരിപാടിയ്ക്ക് മുൻപ് ഒത്തുകൂടിയിരുന്നു. ഇത് പുതിയ പരിപാടിയിക്ക് ആവേശം പകർന്നതായും അംഗങ്ങൾ പറഞ്ഞു. മോദിയെ കാണാനും സംവാദിക്കാനുമായി നിരവധി പേർ എത്തുമെന്നും അതിനാൽ പരിപാടിയുടെ ആസൂത്രണത്തിനും നടത്തിപ്പിനുമായി വിവിധ സന്നദ്ധ സമിതികളെ രൂപീകരിച്ചിട്ടുണ്ടെന്നും സംഘാടക സമിതി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനമാണിത്. അബുദാബിൽ ആദ്യമായി നിർമ്മിച്ച ഹിന്ദു ശിലാക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിന് പ്രധാനമന്ത്രി എത്തും. ഇതിന് ഒരു ദിവസം മുൻപാണ് പ്രവാസികളെ അഭിസംബോധന ചെയ്യുന്നത്.
അതേസമയം, യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഇന്നലെ വെെബ്രൻഡ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. അസർബെെജാൻ സന്ദർശനം പൂർത്തീകരിച്ച് മടങ്ങും വഴിയാണ് ഷെയ്ഖ് മുഹമ്മദ് അഹമ്മദാബാദിൽ എത്തിയത്. അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രസിഡന്റിനെ മോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്.