
മുംബയ്: ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ കടൽ പാലമായ മുംബയ് ട്രാൻസ് ഹാർബർ ലിങ്കിലൂടെ (എംടിഎച്ച്എൽ) വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന പരമാവധി വേഗത നൂറ് കിലോമീറ്ററായി കുറച്ച് മോട്ടോർ വകുപ്പ്. പാലത്തിലൂടെ ബൈക്കുകൾ, ഓട്ടോറിക്ഷ, ട്രാക്ടറുകൾ എന്നിവയ്ക്ക് സഞ്ചരിക്കാൻ അനുമതിയില്ലെന്ന് മോട്ടോർ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
മുൻ പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്പേയിയുടെ സ്മരണാർത്ഥം പണികഴിപ്പിച്ച കടൽപാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കുന്നതിന് മുന്നോടിയായിട്ടാണ് പുതിയ ഉത്തരവിറക്കിയത്. നാളെയാണ് എംടിഎച്ച്എലിന്റെ ഔദ്യോഗിക ഉദ്ഘാടനം.
കാർ, മിനിബസുകൾ, ഡബിൾ ഡെക്കർ ബസുകൾ, ടാക്സികൾ തുടങ്ങിയവയ്ക്ക് പാലത്തിലൂടെ പരമാവധി നൂറ് കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ മാത്രമേ അനുമതിയുളളൂ. പാലത്തിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും മുന്നോടിയായി വാഹനങ്ങളുടെ വേഗത 40 കിലോമീറ്ററായി കുറയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു. നഗരത്തിലേക്ക് എത്തുന്ന മൾട്ടി ആക്സിൽ ഹെവി വാഹനങ്ങൾ, ട്രക്കുകൾ, മറ്റ് ബസുകൾ എന്നിവയ്ക്ക് എംടിഎച്ച്എലിലേക്ക് പ്രവേശനമില്ല. മൃഗങ്ങളുമായി വരുന്ന വാഹനങ്ങൾ മറ്റ് പാതകളിലൂടെ അതിർത്തി കടക്കണമെന്നും ഉത്തരവിലുണ്ട്.
ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് പുതിയ നീക്കമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. 18,000 കോടി രൂപ മുതൽമുടക്കിൽ പണികഴിപ്പിച്ച പാലം മുംബയിലെ സെവ്‌രിയിൽ നിന്നും ആരംഭിച്ച് റായ്ഗഡ് ജില്ലയിലെ നവഷെവയിൽ അവസാനിക്കുന്നു. ആറ് വരി പാതയായ എംടിഎച്ച്എൽ പാലം കടലിലൂടെ 16.5 കിലോമീറ്റർ ദൂരത്തിലും കരയിലൂടെ അഞ്ച് കിലോമീറ്റർ ദൂരത്തിലുമാണ് കടന്നുപോകുന്നത്. വെറും 20 മിനിട്ടിൽ കടൽപാലത്തിലൂടെ യാത്രികർക്ക് മുംബയിൽ നിന്നും നവിമുംബയിലേക്ക് എത്താമെന്ന് പ്രത്യേകത കൂടിയുണ്ട്. സാധാരണ മുംബയിൽ നിന്നും നവിമുംബയിൽ എത്താൻ രണ്ട് മണിക്കൂർ ആവശ്യമായിരുന്നു.