
കാഠ്‌മണ്ഡു: ആശ്രമത്തിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലെെംഗികമായി പീഡിപ്പിച്ച കേസിൽ നേപ്പാളിലെ ആത്മീയ നേതാവ് അറസ്റ്റിൽ. ബുദ്ധന്റെ പുനർജന്മമെന്ന് അനുയായികൾ വിശ്വസിക്കുന്ന രാം ബഹാദൂർ ബോംജൻ (ബുദ്ധ ബോയ് -33) ആണ് ഇന്നലെ അറസ്റ്റിലായത്. കാഠ്‌മണ്ഡുവിലെ വീട്ടിൽ നിന്നാണ് ബുദ്ധ ബോയിയെ അറസ്റ്റ് ചെയ്തത്. ജനാലയിലൂടെ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയുടെ വീട്ടിൽ നിന്ന് 227,000 ഡോളറിന് തുല്യമായ നേപ്പാളി നോട്ടുകളും 23,000 ഡോളറിന്റെ വിദേശ കറൻസിയും പിടികൂടിയെന്ന് പൊലീസ് പറഞ്ഞു. ബുദ്ധ ബോയ് എന്നറിയപ്പെടുന്ന ബോംജൻ 2005ലാണ് തെക്കൻ നേപ്പാളിൽ പ്രശസ്തനായത്. ഇയാൾ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഒരു മരത്തിൽ ചുവട്ടിൽ മാസങ്ങളോളം നിശ്ചലനായി ധ്യാനിക്കുമെന്നാണ് അനുയായികൾ വിശ്വസിക്കുന്നത്. എന്നാൽ ഇയാൾ അനുയായികളെ ശാരീരികമായും ലെെംഗികമായും ഉപദ്രവിച്ചെന്നും ആരോപണമുണ്ട്. നാല് അനുയായികളെ കാണാതായ സംഭവത്തിലും ഇയാൾ കുറ്റക്കാരനാണെന്നാണ് റിപ്പോർട്ട്. ആശ്രമത്തിൽ നിന്ന് കാണാതായ നാല് പേർ എവിടെയാണെന്ന് ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര അന്വേഷണ ഏജൻസി അറിയിച്ചു.
തെക്കൻ നോപ്പാളിലെ ആശ്രമത്തിൽ ആയിരക്കണക്കിന് അനുയായികൾ ഇയാളെ ആരാധിക്കുകയും സന്ദർശിക്കുകയും ചെയ്തിരുന്നു. ബോംജന് എതിരെ മുൻപും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. കാഠ്‌മണ്ഡുവിലെ സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഓഫീലാണ് ബോംജൻ ഉള്ളത്. സ്ഥലത്തെത്തി പ്രശ്നമുണ്ടാക്കിയ ഇയാളുടെ അനുയായികളെ പൊലീസ് തടഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാകാനാണ് സാദ്ധ്യത.