attack

പാലക്കാട്: ഓട്ടോറിക്ഷയിലെത്തിയ രണ്ടംഗ സംഘം റോഡരികിൽ നിന്ന ട്രാൻസ്ജെൻഡേഴ്സിനെ ആക്രമിച്ചു. പാലക്കാട് ബിഇഎം സ്കൂളിന് സമീപത്തായി കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ പിരായിരി ഇല്ലത്തുപറമ്പ് സ്വദേശി നാസർ (56), ട്രാൻസ്‌ജെൻഡർ മായ (24) എന്നിവർക്കാണ് പരിക്കേറ്റത്.

രാത്രി പതിനൊന്ന് മണിയോടെ സ്കൂളിന് സമീപത്തായി നിന്നിരുന്ന ട്രാൻസ്ജെൻഡേഴ്സിന്റെയടുത്തേക്ക് പ്രതികൾ ഓട്ടോയിലെത്തി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം മൂർച്ഛിച്ചതോടെ സംഘർഷമുണ്ടായി. ആക്രമണത്തിൽ പ്രതികൾ മായയുടെ മുഖത്ത് കല്ലുകൊണ്ട് കുത്തിയെന്നും ഇരുമ്പ് വടികൊണ്ട് ദേഹത്ത് പരിക്കേൽപ്പിച്ചിട്ടുണ്ടെന്നും ട്രാൻസ്‌ജെൻഡറിന്റെ പരാതിയിൽ പറയുന്നു.

ഇരുവരും പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ആക്രമണം നടത്തിയവർ രക്ഷപ്പെട്ടു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും നിലവിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറിയിച്ചു.