
യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ചിലെ അക്രമങ്ങളുടെ പേരിൽ സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതിനിടെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനങ്ങൾ നേരിടുകയാണ് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം. കഴിഞ്ഞദിവസം ബൽറാം ഫേസ്‌ബുക്കിൽ പങ്കുവച്ച പോസ്റ്റാണ് പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും കാരണമാകുന്നത്.
ഇടുക്കി പീരുമേട്ടിലെ മലമണ്ട മൗണ്ടൻ ക്യാപിൽ നിന്നുള്ള ചിത്രങ്ങളാണ് ബൽറാം പങ്കുവച്ചത്. മഞ്ഞ ടീഷർട്ടും നീല ജീൻസും കൂളിംഗ് ഗ്ളാസുമൊക്കെയണിഞ്ഞ് കൂട്ടുകാരുമൊത്ത് നല്ല സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് ഫേസ്‌ബുക്കിൽ ബൽറാം പങ്കുവച്ചത്. 'സുഹൃത്തുക്കൾ, മലനിരകൾ, പ്രകൃതി രമണീയത' എന്ന അടിക്കുറിപ്പും പോസ്റ്റിന് നൽകിയിട്ടുണ്ട്. ചിത്രങ്ങൾ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് എടുത്തതെന്നും പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്. സുഹൃത്തായ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സമയത്ത് സുഹൃത്തുക്കൾക്കുമൊത്ത് അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചതാണ് വി ടി ബൽറാമിനെ വെട്ടിലാക്കിയിരിക്കുന്നത്.
പോസ്റ്റിന് താഴെ രൂക്ഷവിമർശനങ്ങളും ട്രോളുകളും നിറയുകയാണ്. 'ഒരുത്തനെ എരികേറ്റി അകത്താക്കിയിട്ട് മലമുകളിലെ വൈബ്, ഈ പോസ്റ്റ് മാങ്കൂട്ടത്തെ ആരും കാണിക്കാതിരിക്കട്ടെ, കൂട്ടത്തിലൊരാളെ അകത്താക്കിയിട്ട് ആഘോഷിക്കുന്നു, കൂട്ടത്തിൽ ഒരുത്തൻ പോലീസ് പൊക്കി ഇടത് വശം ശേഷിയില്ലാതെയും, നട്ടെല്ലില്ലാതെയും ഒക്കെ ജയിലിലെ മൂട്ടകടി കൊണ്ട് കിടക്കുമ്പോഴാണോ സാറേ സർക്കീട്ട്..... അമ്മക്ക് പ്രസവവേദന മകൾക്ക് വീണവായന എന്ന ചൊല്ലിനെ അന്വർത്ഥമാക്കിയല്ലോ താങ്കൾ, ആഘോഷിക്കാൻ പറ്റിയ സമയം... പ്രതിഷേധങ്ങൾ എല്ലാം സുക്കർബർഗ് കണ്ടുപിടിച്ച ഫേസ്ബുക് ഉണ്ടാകുമ്പോൾ വലിയ മെനക്കെടുമില്ല ചിലവുമില്ല, രാഹുൽ അകത്ത്...ബൽറാം ആഘോഷത്ത്, ഇതാ കോൺഗ്രസ്സ് ഒരു കാലത്തും ഗതിപിടിക്കത്തെ, ലൂസിഫറിലെ ഡയലോഗ് ശെരിവെക്കുന്നതാണോ? ഒരു തട്ട് ഒരു തള്ള് പിന്നെ നേരെ നടന്നു നീങ്ങുക.
കുറച്ചൊക്കെ ഔചിത്യ ബോധം വേണം സാർ. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ഉള്ളിലായിട്ട് 24 മണിക്കൂർ കഴിഞ്ഞു , ആർക്കും ഒരു പ്രശ്നവുമില്ല! അതിനുപുറമേ ഇവിടെ പിക്ചർ അപ്ലോഡ് ചെയ്ത് കളിക്കുന്നു! എന്താണിതൊക്കെ?, കൂടെ ഉള്ള ഒരുത്തൻ്റെ തലമണ്ടയ്ക്ക് അകത്ത് രക്തം കട്ട പിടിച്ചിരിക്കുമ്പോ ആണോ ചേട്ടാ നിങ്ങൾ മലമണ്ടയിൽ അടിച്ച് പൊളിക്കുന്നത്?, ഒരുത്തൻ അകത്തു കൊതുകുകടി കൊണ്ട് കിടക്കുന്നു... കൂട്ടത്തിലൊരുത്തൻ ടൂർ പോയി രസിക്കുന്നു .... എജ്ജാതി കൂട്ടുകാർ.. ' എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.