
കേരളത്തിന്റെ തനതായ മതനിരപേക്ഷ ഇടം എന്ന നിലയിൽ നമുക്കെല്ലാം ആഹ്ലാദിക്കാനും അഭിമാനിക്കാനും കഴിയുന്ന നിലയിലാണ് കേരള സ്കൂൾ കലോത്സവം കൊല്ലത്ത് സമാപിച്ചത്. താരതമ്യം ചെയ്യാൻ കഴിയാത്ത വിധമുള്ള ജനപങ്കാളിത്തം കൊല്ലത്തിന്റെ സവിശേഷതയായിരുന്നു. യാതൊരുവിധ വീഴ്ചകളും ഇല്ലാതെയാണ് സംഘാടകസമിതി ഈ കലോത്സവം നടത്തിയത്.സംഘാടകസമിതിയെ പ്രത്യേകം അഭിനന്ദിക്കുന്നു. കലയെ ഒരു തപസ്യയായി കണ്ടുകൊണ്ട്, അതതു വേദികളിൽ ആത്മസമർപ്പണം ചെയ്തുകൊണ്ട് പരിപാടികൾ അവതരിപ്പിച്ച നമ്മുടെ കുഞ്ഞുങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് മികവു കാട്ടുന്ന കുട്ടികൾക്ക് അതത് മേഖലകളിൽ കൂടുതൽ മികവ് കാട്ടാൻ വേണ്ട പിന്തുണ എങ്ങനെയെല്ലാം ഉറപ്പാക്കാം എന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിഗണിക്കും. കലോത്സവ നടത്തിപ്പും ഉള്ളടക്കവും കാലോചിത മാറ്റങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്. കലാസാംസ്കാരിക മേഖലകളിൽ നിന്നുള്ളവരുടെ നിർദ്ദേശങ്ങൾ അടക്കം പരിഗണിച്ചുകൊണ്ട് ഗോത്രകലകളെ അടക്കം ഉൾച്ചേർക്കാൻ കഴിയും വിധം സ്കൂൾ കലോത്സവ മാനുവലിൽ അടുത്തവർഷം മാറ്റങ്ങൾ വരുത്തും. കുട്ടികളുടെ വൈകാരിക വികാസത്തെ ത്വരിതപ്പെടുത്തുന്ന പഠന പരിപാടിയാണ് കലാമേളയും കായികമേളയും. അർഹതപ്പെട്ട എല്ലാ കുട്ടികൾക്കും പലതരത്തിലുള്ള പിന്തുണ അനിവാര്യമാണ്. അതിലേക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക ഫണ്ട് രൂപീകരിക്കാൻ കഴിയുമോ എന്നത് പരിശോധിക്കും.
കലോത്സവ നടത്തിപ്പിന് മാർഗനിർദ്ദേശങ്ങൾ നൽകി മുന്നിൽ നിന്ന് നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹമാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. ബഡ്ജറ്റ് തിരക്കുകൾക്കിടയിലും ധനമന്ത്രി കെ.എൻ ബാലഗോപാൽ കലോത്സവത്തിനായി കൊല്ലത്ത് ക്യാമ്പ് ചെയ്തു പ്രവർത്തിച്ചു. ജില്ലയിൽ നിന്നുള്ള മറ്റ് മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ.ബി ഗണേഷ്കുമാർ എന്നിവരും കലോത്സവത്തിന്റെ വിജയത്തിനായി നേതൃപരമായ പങ്കുവഹിച്ചു. ജില്ലയിലെ മുഴുവൻ എം.എൽ.എമാരും എം.പിമാരും കലോത്സവത്തിന്റെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സമഗ്ര കവറേജ് ഉറപ്പാക്കിയ മാദ്ധ്യമങ്ങളോടും നന്ദി പറയുന്നു.
20 കമ്മിറ്റികളാണ് അദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചത്. മികച്ച പ്രവർത്തനമാണ് കമ്മിറ്റികളിൽ നിന്നുണ്ടായത്. പ്രവർത്തനം ഏറ്റെടുത്തു നടത്തിയ കോൺട്രാക്ടർമാരും മികച്ച രീതിയിൽ പ്രവർത്തിച്ചു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം അപ്പീലുകളിലൂടെ വന്നവരുടെ എണ്ണം വർദ്ധിച്ചെങ്കിലും സമയനിഷ്ഠ പാലിക്കാനായി എന്നത് ശ്രദ്ധേയമാണ്.