
ചവിട്ടിമെതിക്കപ്പെടുകയും പാർശ്വവത്കരിക്കപ്പെടുകയും ചെയ്തവരാണ് ഇന്ത്യയിലെ പിന്നോക്ക -ദലിത് -ആദിവാസി ജനതകൾ അഥവാ ജാതികൾ.
ജാതികളെ ഒന്നിന് മീതെ ഒന്നായി ഒരു പിരമിഡ് ആകൃതിയിൽ അടുക്കി വച്ച്, അടിത്തട്ടിൽ നിന്നും മേൽത്തട്ടിലേക്ക് പോകും തോറും ആദരവും അഭിമാനവും സമ്പത്തും. മേൽത്തട്ടിൽ നിന്ന് അടിത്തട്ടിലേക്ക് പോകുംതോറും അനാദരവും അവഹേളനവും മൃഗതുല്യരാണെന്നുള്ള ധാരണയുമാണ് ഇപ്പോഴത്തെ ജാതി വ്യവസ്ഥയിൽ ഉള്ളത്. .
കഴിഞ്ഞ 73 വർഷത്തിനിടെ ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിന് ജാതി വ്യവസ്ഥയിൽ ഇതുവരെ തുല്യത വരുത്തുവാൻ കഴിഞ്ഞിട്ടില്ല.
ഈ സാഹചര്യത്തിൽ ഇന്ത്യയിലെ ഓരോ ജാതി സമുദായങ്ങളിലും ജനിച്ച ആളുകൾ ഇന്നെങ്ങനെ ജീവിക്കുന്നു എന്നറിയാനും അവരുടെ സാമൂഹികവും വിദ്യാഭ്യാസപരവും ഔദ്യോഗികവും തൊഴിൽപരവുമായ നിലവാരം എന്താണെന്നു മനസിലാക്കാനും ഈ രാജ്യത്തിന്റെ സമ്പത്തിലും അധികാരത്തിലും ഭൂമിയിലും അവർക്ക് എത്രമാത്രം പങ്കു ലഭിച്ചു എന്നു വ്യക്തമായി മനസിലാക്കാനുമാണ് ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെടുന്നത്.
1881ൽ ബ്രിട്ടീഷ് ഇന്ത്യ സർക്കാരാണ് ഇന്ത്യയിൽ ജാതി സെൻസസിനു തുടക്കം കുറിച്ചത്. 1881 മുതൽ ഓരോ പത്തു വർഷം കൂടുമ്പോഴും ബ്രിട്ടിഷ്സർക്കാർ ഇന്ത്യയിൽ ജാതി തിരിച്ച് ജനസംഖ്യാ കണക്കെടുപ്പു നടത്തുകയും അതിന്റെ വിവരങ്ങൾ വിശദമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. 1931 വരെ അതു തുടർന്നു. ഇതനുസരിച്ച് 1930 വരെ ഇന്ത്യയിലെ ഓരോ ജനസമുദായങ്ങളുടെയും ജനസംഖ്യ എത്ര വീതമുണ്ട് എന്നു എല്ലാവർക്കും വ്യക്തമായി അറിയാൻ സാധിച്ചു.
എന്നാൽ1930ലെ ജാതി തിരിച്ചുള്ള സെൻസസ് റിപ്പോർട്ടു പുറത്തുവന്നതിനെ തുടർന്ന് ഇന്ത്യയിലെ മൂന്നാക്ക സമ്പന്ന സവർണ ഹിന്ദു വിഭാഗങ്ങളുടെ സംഘടിത പ്രസ്ഥാനമായ ആര്യ സമാജം നടത്തിയ ശക്തമായ ഇടപെടലിൽ 1941ലെ സെൻസസിൽ ഇന്ത്യയിലെ പട്ടികജാതി - പട്ടിക വർഗങ്ങളുടെയും മുസ്ലിം, ക്രിസ്ത്യൻ - സിക്ക് - ബുദ്ധ -ജൈന- പാഴ്സി തുടങ്ങിയ ന്യൂനപക്ഷ സമുദായങ്ങളുടെയും കണക്കുകൾ മാത്രം പ്രത്യേകം രേഖപ്പെടുത്തിയാൽ മതിയെന്നായി. മുന്നോക്ക - പിന്നോക്ക വ്യത്യാസമില്ലാതെ ഹിന്ദുസമൂഹങ്ങളിലെ എല്ലാ സമുദായങ്ങളിലെയും അംഗങ്ങളുടെ കണക്കുകൾ ഹിന്ദു എന്ന ഒരൊറ്റ പേരിൽ ഒന്നിച്ചു രേഖപ്പെടുത്തി പ്രഖ്യാപിക്കാനും ഉത്തരവ് ഇറക്കി. അതനുസരിച്ച് നടത്തിയ സെൻസസിൽ ഇന്ത്യയിലെ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും കണക്കകൾ പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തുകയും നായർ, ബ്രാഹ്മണ തുടങ്ങിയ എല്ലാ മുന്നാക്ക ഹിന്ദു സമുദായങ്ങളുടെയും, ഈഴവ -വിശ്വകർമ്മ -ധീവര - വണിക വൈശ്യ - വെളുത്തേടത്തു നായർ - വിളക്കിക്കല നായർ തുടങ്ങിയ എല്ലാ പിന്നാക്ക ഹിന്ദുസമുദായങ്ങളുടെയും കണക്കുകൾ ഒന്നിച്ച് (മുന്നോക്ക - പിന്നോക്ക വ്യത്യാസമില്ലാതെ) ഹിന്ദു എന്നുമാത്രം ചേർത്ത് കണക്കുകൾ പ്രഖ്യാപിച്ചു.
1947ൽ ഇന്ത്യ സ്വതന്ത്രമാകുകയും 1950ൽ ഒരു ജനാധിപത്യ ജനകീയ റിപ്പബ്ലിക്കാവുകയും ചെയ്തിട്ടും. തുടർന്നിങ്ങോട്ടുള്ള എല്ലാ സെൻസസുകളിലും പട്ടിക ജാതി,പട്ടിക വർഗ്ഗങ്ങളുടെയും ന്യൂനപക്ഷ മതങ്ങളുടെയും ജന സംഖ്യ പ്രത്യേകം രേഖപ്പെടുത്തുകയും ഹിന്ദുക്കളിലെ മുന്നോക്ക, പിന്നോക്ക വിഭാഗങ്ങളുടെ ജനസംഖ്യ ഒന്നിച്ചു മാത്രം രേഖപ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു.
മുന്നോക്ക, പിന്നോക്ക ഹിന്ദുക്കളുടെ അടിസ്ഥാന വിവരങ്ങൾ പ്രത്യേകം രേഖപ്പെടുത്താതെ ഹിന്ദു എന്ന പൊതു പേരിൽ മാത്രം രേഖപ്പെടുത്തുന്നത്. പിന്നോക്ക ഹിന്ദു വിഭാഗങ്ങളെ കബളിപ്പിക്കാനും അവരുടെ മുന്നേറ്റത്തെ തടയിടാനുമാണ്.
ഈ അടുത്ത കാലത്ത്. ബീഹാർ സർക്കാർ നടത്തിയ ജാതി സെൻസസ് പ്രകാരം അവിടെ പിന്നോക്ക ഹിന്ദു വിഭാഗം 63ശതമാനമാണ്. ഇന്ത്യയിൽ ഉടനീളം ജാതി സെൻസസ് നടത്തിയാൽ പിന്നോക്ക ഹിന്ദു വിഭാഗങ്ങൾ ഇന്ത്യയിലെ ജനസംഖ്യയിൽ 65ശതമാനത്തിൽ അധികമുണ്ട് എന്ന സത്യം ബോദ്ധ്യപ്പെടും. 2011ലെ സെൻസസ് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ആകെ ജനസംഖ്യ 25.2ശതമാനമാണ്.
ഈ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ SC/ST/ Minority /OBC ഹിന്ദു വിഭാഗങ്ങളെ എല്ലാം കൂടി കൂട്ടുമ്പോൾ 85 ശതമനത്തിനും 90ശതമാനത്തിനും ഇടയിൽ വരുമെന്നാണ് കണക്ക്. അതനുസരിച്ച് ഇന്ത്യയിലെ മുന്നാക്ക ഹിന്ദു ജന വിഭാഗങ്ങളുടെ ജനസംഖ്യ 10 ശതമാനത്തിനും 15 ശതമാനത്തിനും ഇടയിൽ മാത്രമേ വരൂ. ഈ 15 ശതമാനം വരുന്ന മുന്നാക്ക ഹിന്ദുക്കളാണ് ഭാരതത്തിലെ 85 ശതമാനത്തിലധികം സമ്പത്തും ഉദ്യോഗവും വിദ്യാഭ്യസവും തൊഴിലും അധികാരവും ഭൂമിയും എല്ലാം കയ്യടക്കി വച്ചിരിക്കുന്നത്.
ഹിന്ദു വിഭാഗങ്ങളിലെ പിന്നോക്ക വിഭാഗങ്ങളുടെയും, മുന്നാക്ക വിഭാഗങ്ങളുടെയും ജനസംഖ്യ വെവ്വേറെ രേഖപ്പെടുത്താത്തതിനാൽ പിന്നാക്ക ഹിന്ദു ഒ.ബി.സി വിഭാഗങ്ങൾക്ക് സ്വന്തം ജനസംഖ്യയും മറ്റ് അടിസ്ഥാന വിവരങ്ങളും അറിയാനും അവർക്കു ലഭിക്കേണ്ട അർഹമായ പ്രാതിനിദ്ധ്യം ലഭിച്ചോ എന്നറിയാനും ഇതുവരെയാതെരു മാർഗ്ഗവുമില്ല.
അതുകൊണ്ട് തന്നെ നമ്മുടെ നാട്ടിലും നിശ്ചയമായും ജാതി സെൻസസ് നടക്കണം. നടന്നേ മതിയാകൂ...
( കേരള വണിക വൈശ്യ,സംഘം ,
എം.ബി.സി.എഫ്,
സംവരണ സമുദായ മുന്നണി എന്നിവയുടെ പ്രസിഡന്റാണ്)