
ലക്നൗ: പ്രതിഷ്ഠാ ചടങ്ങിന് ദിവസങ്ങൾ ബാക്കിനിൽക്കെ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ 2,400 കിലോഗ്രാം ഭാരമുള്ള കൂറ്റൻ മണി എത്തിച്ചു. 'അഷ്ടധാതു' (എട്ട് ലോഹങ്ങൾ) കൊണ്ടാണ് ഈ മണി നിർമിച്ചത്. 25 ലക്ഷം രൂപയാണ് നിർമാണ ചെലവ്.
ഉത്തർപ്രദേശിലെ ഈറ്റയിൽ നിന്ന് ട്രെയിൻ വഴിയാണ് കൂറ്റൻ മണിയെത്തിച്ചത്. മുപ്പത് തൊഴിലാളികൾ ചേർന്ന് സ്വർണ്ണം, വെള്ളി, ചെമ്പ്, സിങ്ക്, ലെഡ്, ടിൻ, ഇരുമ്പ്, മെർക്കുറി അടക്കമുള്ള എട്ട് ലോഹങ്ങൾ കൊണ്ടാണ് നിർമിച്ചത്. രാജ്യത്തെ ഏറ്റവും വലിയ മണികളിൽ ഒന്നാണിതെന്ന പ്രത്യേകതയും ഉണ്ട്.
അന്തരിച്ച സഹോദരൻ വികാസ് മിത്തലിന് വേണ്ടി ലോഹ വ്യാപാരിയായ ആദിത്യ മിത്തലും പ്രശാന്ത് മിത്തലും ചേർന്നാണ് ഈ മണി സമർപ്പിച്ചത്. 2022ൽ ഹൃദയാഘാതത്തെത്തുടർന്നാണ് വികാസ് മിത്തൽ മരിച്ചത്. 2019 നവംബറിൽ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ക്ഷേത്രത്തിന് മണി സംഭാവന നൽകണമെന്ന് വികാസ് ആഗ്രഹിച്ചിരുന്നു.
2400 kg giant bell offered for Ram temple in Ayodhya by a delegation from Etah: Temple trust in statement#RamMandir #Ayodhya #ShriRam pic.twitter.com/QFxZiN81vh
— DD News (@DDNewslive) January 10, 2024
അതേസമയം, ജനുവരി 22ന് നടക്കുന്ന അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. പാർട്ടി അദ്ധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ, പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയാ ഗാന്ധി, ലോക്‌സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർ ചടങ്ങിനുള്ള ക്ഷണം നിരസിക്കുകയാണെന്ന് എ.ഐ.സി.സി കമ്മ്യൂണിക്കേഷൻ ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് അറിയിച്ചു.