
അബുദാബി: പ്രവാസികളടക്കമുള്ള തൊഴിലാളികളുടെ മാനസികാരോഗ്യം സംബന്ധിച്ച് പുതിയ നിയമം പാസാക്കി യുഎഇ. മാനസികപ്രശ്നങ്ങളുടെ പേരിൽ തൊഴിലിൽ നിന്ന് പിരിച്ചുവിടുന്നതോ തൊഴിലവസരങ്ങൾ പരിമിതപ്പെടുത്തുന്നതോ സംബന്ധിച്ച് തൊഴിലുടമകൾക്ക് ഇനിമുതൽ തീരുമാനം കൈക്കൊള്ളാനാവില്ല. ഒരു അംഗീകൃത മെഡിക്കൽ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനം സ്വീകരിക്കാൻ പാടുള്ളൂവെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.
ഒരു യുഎഇ നിവാസിയുടെ ശാരീരിക ആരോഗ്യം അടിസ്ഥാനമാക്കി ഒരു കമ്പനിക്ക് അയാളെ ജോലിക്കെടുക്കുന്നതോ പിരിച്ചുവിടുന്നതോ സംബന്ധിച്ചും തീരുമാനം സ്വീകരിക്കാനാവില്ല. 90 ദിവസംവരെ ഒരു തൊഴിലാളിയ്ക്ക് ശമ്പളത്തോടുകൂടിയതോ അല്ലാതെയോ ഉള്ള മെഡിക്കൽ ലീവിന് അവകാശമുണ്ട്. ഇതിനുശേഷവും തൊഴിലാളി ജോലിക്കെത്തിയില്ലെങ്കിൽ മാത്രമേ പിരിച്ചുവിടാൻ സാധിക്കുകയുള്ളൂ.
മാനസികപ്രശ്നം നേരിടുന്ന വ്യക്തിക്ക് അവരുടെ ജോലിയിൽ യാതൊരു നിയന്ത്രണങ്ങളൊന്നുമില്ലാതെ തുടരാനുള്ള അവകാശം നൽകുന്ന ഫെഡറൽ നിയമം കഴിഞ്ഞ മാസമാണ് യുഎഇ പാസാക്കിയത്. ജോലി നഷ്ടമാകുമോയെന്ന ഭയമില്ലാതെ തന്നെ തന്റെ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകാൻ ഒരു തൊഴിലാളിക്ക് ഈ നിയമം അവസരം നൽകുന്നുവെന്ന് മാനസികാരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. നിയമം ലംഘിക്കുന്നവർക്ക് 50,000 മുതൽ 20,000 ദിർഹംവരെയാണ് പിഴ ലഭിക്കുക.