
ലക്നൗ: ഈ മാസം 22നാണ് അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വിവിധ പാർട്ടി നേതാക്കളും ചലച്ചിത്ര താരങ്ങളും ഉൾപ്പെടെ പതിനായിരത്തിലധികം വിഐപികളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ക്ഷണിതാക്കളിൽ രാമക്ഷേത്രം പണിത തൊഴിലാളികളുടെ കുടുംബങ്ങളും ഉൾപ്പെടുന്നു. ഇവർക്കായി പ്രത്യേക ക്ഷണക്കത്താണ് അയച്ചിരിക്കുന്നത്.
അതിഥികൾക്ക് അതിവിപുലമായ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഉൾപ്പടെ എത്തുന്നതിനാൽ സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്. വിഐപികൾക്ക് പ്രത്യേക സമ്മാനങ്ങളും നൽകുന്നുണ്ട്. വിശേഷപ്പെട്ട വിഭവങ്ങൾ അടങ്ങുന്ന രണ്ട് പെട്ടികളാണ് സമ്മാനമായി നൽകുന്നത്. ഒരുപെട്ടിയിൽ ക്ഷേത്രത്തിലെ പ്രസാദം, പശുവിൻ പാലിൽ നിന്ന് തയ്യാറാക്കിയ നെയ്യുകൊണ്ടുണ്ടാക്കിയ പ്രത്യേക ലഡ്ഡു, രാമാനന്ദി പാരമ്പര്യമനുസരിച്ച് വിശുദ്ധ തുളസി ഇല എന്നിവ ആയിരിക്കും ഉണ്ടാവുക എന്നാണ് റിപ്പോർട്ട്.രണ്ടാമത്തെ പെട്ടിയിൽ ശ്രീരാമനുമായി ബന്ധപ്പെട്ട വസ്തുക്കളാവും ഉണ്ടാവുക. അയോദ്ധ്യയിലെ മണ്ണ്, സരയൂനദിയിലെ ജലം തുടങ്ങിയവ ഇതിൽ ഉണ്ടാവും. കൂടാതെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു പിച്ചള തകിടും. വെള്ളിനാണയവും സമ്മാനങ്ങളുടെ കൂട്ടത്തിൽ ഉണ്ടാവും.
അതേസമയം, അയോദ്ധ്യയിലെ പ്രതിഷ്ഠാച്ചടങ്ങ് ഒരു വൻ സംഭവമാക്കിമാറ്റാനുളള തയ്യാറെടുപ്പിലാണ് ഉത്തർപ്രദേശ് സർക്കാർ. നൂറ്റാണ്ടുകളായുളള കാത്തിരിപ്പിനൊടുവിൽ വന്ന ശുഭമുഹൂർത്തം എന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിഷ്ഠാ ചടങ്ങിനെ വിശേഷിപ്പിച്ചത്. എല്ലാ സർക്കാർ കെട്ടിടങ്ങളും അലങ്കരിക്കാനും ജനുവരി 14 മുതൽ ശുചീകരണ കാമ്പയിൽ ആരംഭിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷ്ഠാദിനത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയും നൽകിയിട്ടുണ്ട്.
ചടങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ യോഗി കഴിഞ്ഞദിവസം അയോദ്ധ്യയിൽ എത്തിയിരുന്നു. വിവിഐപികൾക്ക് വിശ്രമിക്കാനുള്ള സ്ഥലങ്ങൾ മുൻകൂട്ടി തീരുമാനിക്കണമെന്നും ചടങ്ങിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിക്കുകയും ചെയ്തു.