woman

ബംഗളൂരു: ആറംഗ സംഘം ലോഡ്ജിൽ അതിക്രമിച്ച് കയറി യുവാവിനെയും യുവതിയേയും മർദിച്ചു. സ്ത്രീയും പുരുഷനും വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരാണെന്നും ഇതാണ് ആക്രമണത്തിന് പിന്നിലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹാവേരി ജില്ലയിലെ ഹനഗൽ താലൂക്കിലെ ലോഡ്ജിൽ ജനുവരി ഏഴിനായിരുന്നു സംഭവം.

പ്രതികൾ തന്നെയാണ് യുവതിയേയും യുവാവിനെയും ആക്രമിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചത്. അക്രമികൾ മുറിയുടെ വാതിലിൽ മുട്ടുന്നതും. പുരുഷൻ വാതിൽ തുറന്നതും അവർ അതിക്രമിച്ച് അകത്തേക്ക് കടന്നു. ഈ സമയം സ്ത്രീ മുഖം മറക്കാൻ ശ്രമിക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്.


പുരുഷന്മാർ സ്ത്രീയെ അടിക്കുകയും, അവർ തറയിൽ വീഴുകയും ചെയ്യുന്നു. കൂടെയുണ്ടായിരുന്ന പുരുഷൻ പുറത്തേക്ക് ഓടാൻ ശ്രമിക്കുമ്പോൾ അക്രമികൾ ഇയാളെ പിടിച്ചുവയ്ക്കുന്നു. മർദിക്കുന്നതിനൊപ്പം അസഭ്യം പറയുന്നുമുണ്ട്.

ലോഡ്ജിന് പുറത്ത് ചിത്രീകരിച്ചതെന്ന് തോന്നുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്ത്രീ ഹിജാബ് കൊണ്ട് മുഖം മറയ്ക്കാൻ തീവ്രമായി ശ്രമിക്കുന്നതും, പുരുഷന്മാർ ഹിജാബ് ഉയർത്തി മുഖം കാണിക്കാൻ നോക്കുന്നതുമാണ് വീഡിയോയിലുള്ളത്.

തുടർന്ന് സ്ത്രീയും പുരുഷനും ഹനഗൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം, സ്ത്രീയെ അപകീർത്തിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.