
അഹമ്മദാബാദ്: സെമികണ്ടക്ടർ ചിപ്പുകളുടെ ആഗോള നിർമ്മാണ കേന്ദ്രമാകാൻ ലക്ഷ്യമിട്ട് ഗുജറാത്ത് സർക്കാർ പുതിയ നയം പ്രഖ്യാപിച്ചു. നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ നിക്ഷേപം വൻതോതിൽ ഗുജറാത്തിലേക്ക് ആകർഷിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപ സംഗമത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് സെമികണ്ടക്ടർ ചിപ്പുകളുടെ വ്യവസായ വികസനത്തിന് സമഗ്ര നയം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്.
സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ രംഗത്തെ ആഗോള കമ്പനിയായ മൈക്രോണിന് പുതിയ ഫാക്ടറി സ്ഥാപിക്കാൻ സാനന്ദിൽ ഭൂമി ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കിയ നടപടി ഈ മേഖലയിലെ ഗുജറാത്ത് സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് വ്യക്തമാക്കുന്നതെന്നും ഭൂപേന്ദ്ര പട്ടേൽ കൂട്ടിച്ചേർത്തു.
നിക്ഷേപ സംഗമത്തിനോടനുബന്ധിച്ച് വികസിത ഗുജാത്ത് @2047 നയരേഖയും സർക്കാർ പുറത്തിറക്കി.
വൈബ്രന്റ് ഗുജറാത്തിന്റെ പത്താമത് എഡിഷനിൽ 140 രാജ്യങ്ങളിൽ നിന്നുള്ള 1.3 ലക്ഷം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. മാരുതി സുസുക്കി, മൈക്രോൺ, റിലയൻസ് ഇൻഡസ്ട്രീസ്, അദാനി ഗ്രൂപ്പ്, ടാറ്റ ഗ്രൂപ്പ് തുടങ്ങിയ മുൻനിര കോർപ്പറേറ്റുകൾ ഗുജാത്തിൽ വൻ നിക്ഷേപം നടത്തുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുവരെ 234 കമ്പനികളുമായി 10.8 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനുള്ള ധാരണയിലെത്തിയെന്ന് സർക്കാർ പ്രതിനിധികൾ പറയുന്നു. പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ പത്ത് ലക്ഷത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് വിലയിരുത്തുന്നു.
അഹമ്മദാബാദിൽ വമ്പൻ മാളൊരുക്കാൻ ലുലു ഗ്രൂപ്പ്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ അഹമ്മദാബാദിൽ നിർമ്മിക്കാൻ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. നാലായിരം കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം തുടങ്ങുമെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം. എ യൂസഫലി പറഞ്ഞു. ഗുജറാത്ത് സർക്കാർ സംഘടിപ്പിച്ച "വൈബ്രന്റ് ഗുജറാത്ത്" നിക്ഷേപ സംഗമത്തിനോട് അനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നിക്ഷേപ സംഗമത്തിൽ യു.എ.ഇ ഒരുക്കിയിട്ടുള്ള സ്റ്റാളിൽ മാളിന്റെ മാതൃകാ രൂപം പ്രദർശിപ്പിച്ചിട്ടുണ്ട്.
കൊച്ചി, നിരുവനന്തപുരം, ബംഗളൂരൂ, ലക്നൗ, കോയമ്പത്തൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലായി ആറ് ഷോപ്പിംഗ് മാളുകളാണ് നിലവിൽ ലുലു ഗ്രൂപ്പിന് ഇന്ത്യയിലുള്ളത്. കൂടാതെ ചെന്നൈയിലും വലിയ ഷോപ്പിംഗ് മാൾ നിർമ്മിക്കാൻ ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ട്.
ഗിഫ്റ്റ് സിറ്റിയിലേക്ക് നിക്ഷേപ പ്രവാഹം
വിപ്രോ, ട്രാൻസ്വേൾഡ്, അക്സ്വഞ്ചർ ഉൾപ്പെടെയുള്ള കമ്പനികൾ ഗിഫ്റ്റ് സിറ്റിയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നു.