
ജയ്‌പൂർ: വിവാദ പരാമർശവുമായി രാജസ്ഥാൻ മന്ത്രി ബാബുലാൽ ഖരാഡി. കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വീട് വച്ചുനൽകുമെന്നുമാണ് മന്ത്രിയുടെ വിവാദ പരാമർശം.
'ആരും പട്ടിണി കിടക്കരുതെന്നും, വീടില്ലാതെയിരിക്കരുതെന്നതും പ്രധാനമന്ത്രിയുടെ സ്വപ്നമാണ്. നിങ്ങൾ ധാരാളം കുട്ടികൾക്ക് ജന്മം നൽകൂ. പ്രധാനമന്ത്രി ജി നിങ്ങൾക്ക് വീടുകൾ പണിയും; പിന്നെ എന്താണ് പ്രശ്നം?'- എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഉദയ്‌പൂരിലെ ഒരു പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ എൽ പി ജി സിലിണ്ടറുകൾക്ക് 200 രൂപ കുറച്ചെന്നും രാജസ്ഥാനിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ഉജ്ജ്വല പദ്ധതിയിലൂടെ 450 രൂപയ്ക്ക് സിലിണ്ടറുകൾ ലഭ്യമാക്കാൻ പദ്ധതിയിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയും പങ്കെടുത്തിരുന്നു. അടുത്തിടെയാണ് ഖരാഡി മന്ത്രിസഭയിൽ അംഗമായത്.