
അദ്ധ്വാനവർഗത്തിന് അഭിമാനമായി വൈക്കം നഗരസഭയുടെ പുതിയ അദ്ധ്യക്ഷ. നൂറ്റാണ്ട് പിന്നിട്ട വൈക്കം നഗരസഭയിൽ ആദ്യമായി മത്സ്യ വിൽപനക്കാരി അദ്ധ്യക്ഷയായി ചുമതലയേറ്റിരിക്കുകയാണ്. വൈക്കം നഗരസഭ 21ാം വാർഡ് എൽ.എഫ്. ചർച്ച് വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രീതാ രാജേഷ് യു.ഡി.എഫിലെ ധാരണ പ്രകാരം രാധികാ ശ്യാം രാജിവച്ചതിനെ തുടർന്നാണ് നഗരസഭ ചെയർ പേഴ്സണായി ചുമതലയേറ്റത്.
പിന്നാക്ക വിഭാഗമായ ധീവര സമുദായത്തിൽ നിന്ന് ക്ഷേത്ര നഗരിയുടെ ചെയർപേഴ്സൺ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് പ്രീത രാജേഷ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി വൈക്കം കോവിലകത്തുംകടവ് മാർക്കറ്റിൽ മത്സ്യവ്യാപാരം നടത്തിവരവെയാണ് മലയാളം എം.എക്കാരിയായ പ്രീതാ രാജേഷ് കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത്.
ആലപ്പുഴ സ്വദേശിനിയായ പ്രീതയുടെ പിതാവും മത്സ്യ വ്യാപാരിയായതിനാൽ മത്സ്യ മേഖലയുമായി പ്രീതയ്ക്ക് നേരത്തെ ബന്ധമുണ്ടായിരുന്നു. കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിൽ വ്യാപാരിയായ ഭർത്താവ് രാജേഷിന് സഹായമായി പ്രീതയും മത്സ്യ വ്യാപാരത്തിലേയ്ക്ക് തിരിയുകയായിരുന്നു. വൈക്കം നഗരസഭയെ ഇനി രണ്ട് വർഷക്കാലം പ്രീത നയിക്കും. കഴിഞ്ഞ രണ്ടരവർഷം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണായിരുന്നതിന്റെ ഭരണപരിചയം പ്രീതയ്ക്ക് തുണയാകും.
എൽ.ഡി.എഫിലെ കവിതാ രാജേഷിനെതിരെ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രീത വിജയിച്ചത്. പ്രീതയ്ക്ക് 12 വോട്ടും കവിത രാജേഷിന് ഒൻപത് വോട്ടും ബി.ജെ.പി സ്ഥാനാർഥി ഗിരിജകുമാരിക്ക് നാല് വോട്ടും ലഭിച്ചു. സി.പി.എം അംഗം സുശീല.എം.നായർ കൗൺസിലിൽ എത്തിയില്ല.