
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ദേശാഭിമാനിയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി മലപ്പുറത്തെത്തിയത്. യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷൻ ഹാരിസ് മുദൂറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധമുണ്ടായത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ വാഹനത്തിന് സമീപം എത്തുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുമെന്ന സൂചനയുണ്ടായിരുന്നതിനാൽ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിരുന്നു.
പതിനൊന്നോളം പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. പ്രതിഷേധമുണ്ടായതോടെ പ്രവർത്തകരെ പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്.
സെക്രട്ടേറിയേറ്റ് മാർച്ചിലെ അക്രമങ്ങളുടെ പേരിലാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. മജിസ്‌ട്രേട്ടിന്റെ നിർദ്ദേശപ്രകാരം പൊലീസ് ഹാജരാക്കിയ വിദഗ്ദ്ധ വൈദ്യപരിശോധനാ റിപ്പോർട്ടിൽ സംശയമുണ്ടെന്നാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിക്ക് നൽകിയ ജാമ്യാപേക്ഷയിൽ രാഹുൽ ആരോപിക്കുന്നത്.