
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം നയൻതാര നായികയായി എത്തിയ 'അന്നപൂരണി' സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് എം പി കാർത്തി ചിദംബരം. രാമൻ മാംസാഹാരം കഴിച്ചിട്ടുണ്ടെന്ന് സമൂഹമാദ്ധ്യമ പോസ്റ്റിൽ എം പി പറഞ്ഞു. ഇഷ്ടഭക്ഷണം തിരഞ്ഞെടുക്കുന്നതിൽ അസ്വസ്ഥരാകുന്നവർക്ക് സമർപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. തന്റെ വാക്കുകളെ സാധൂകരിക്കുന്ന തരത്തിൽ രാമായണത്തിലെ ചില ഭാഗങ്ങളും കാർത്തി ചിദംബരം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജനെയാണ് നായൻതാര ചിത്രത്തിൽ അവതരിപ്പിച്ചത്. നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത 'അന്നപൂരണി' നിർമ്മിച്ചത് സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോയും ട്രിഡെന്റ് ആർട്സും ചേർന്നാണ്. ശ്രീരാമൻ മാംസഭുക്ക് ആയിരുന്നുവെന്ന് ചിത്രത്തിൽ നായകൻ പറയുന്ന ഭാഗമാണ് വിവാദമായത്. ബിരിയാണി തയ്യാറാക്കുന്നതിന് മുൻപ് നായിക നിസ്‌കരിക്കുന്നുണ്ട്. ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പരാതി ഉയർന്നിരുന്നു.
വിവാദങ്ങൾക്ക് പിന്നാലെ ചിത്രം നെറ്റ്ഫ്ളിക്സിൽ നിന്ന് നീക്കി. ചിത്രത്തിനെതിരെ ഹെെന്ദവ സംഘടകളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് നിർമ്മാതാക്കൾക്കെതിരെ മുൻ ശിവസേന നേതാവ് രമേശ് സോളങ്കി പരാതി നൽകിയിരുന്നു. ചിത്രം ഹിന്ദു വിരുദ്ധമാണെന്നും ഭഗവാൻ രാമൻ മാംസം ഭക്ഷിച്ചെന്ന് പറയുന്ന രംഗം മതവികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഇതിൽ മാപ്പ് ചോദിക്കുന്നുവെന്നും വിവാദ രംഗങ്ങൾ നീക്കുമെന്നും സീ സ്റ്റുഡിയോ വാർത്തക്കുറിപ്പിൽ പറഞ്ഞു. ഡിസംബർ ഒന്നിന് തിയേറ്ററിലെത്തിയ അന്നപൂരണി ഡിസംബർ 29നാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തത്.