tim

തിരുവനന്തപുരം: ടൂറിസം നിക്ഷേപക സംഗമത്തിൽ സമർപ്പിക്കപ്പെട്ട പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. നിക്ഷേപക സംഗമത്തിന്റെ തുടർപ്രവർത്തനങ്ങൾക്കുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം ഡയറക്ടറേറ്റിൽ പദ്ധതി നടത്തിപ്പിനുള്ള ഫെസിലിറ്റേഷൻ സെന്റർ 25നകം പ്രവർത്തനമാരംഭിക്കും. ഇതിന്റെ സേവനങ്ങൾക്കായി ഫെബ്രുവരി 10നകം പോർട്ടൽ ആരംഭിക്കാൻ നിർദ്ദേശം നൽകി. നിക്ഷേപകർക്ക് ബന്ധപ്പെടാനും പദ്ധതികളുടെ നടത്തിപ്പിനുമായി നോഡൽ ഓഫീസറെ നിയമിക്കണമെന്നും എളുപ്പത്തിൽ നടപ്പാക്കാനാകുന്ന പദ്ധതികൾ ആദ്യം കണ്ടെത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ടൂറിസം അഡിഷണൽ ഡയറക്ടറാണ് ഫെസിലിറ്റേഷൻ സെന്ററിന്റെ കൺവീനർ. സംഗമത്തിൽ പങ്കെടുത്തവരിൽ നിന്ന് നിക്ഷേപത്തിനായി 19 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ടൂറിസം സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കും. വകുപ്പ് തലത്തിൽ രണ്ടാഴ്ചയിലും സർക്കാർ തലത്തിൽ മാസത്തിലൊരിക്കലും അവലോകന യോഗം ചേരും. വ്യവസായ വകുപ്പിന്റെ ഏകജാലക സംവിധാനം പ്രയോജനപ്പെടുത്താൻ വ്യവസായ വകുപ്പുമായി യോഗം വിളിക്കും. നിക്ഷേപക സംഗമത്തിന്റെ ആക്ഷൻ പ്ലാൻ ടൂറിസം വകുപ്പ് തയ്യാറാക്കും. തുടർനടപടികൾക്കായി ഫെബ്രുവരിയിൽ അടുത്ത യോഗം ചേരും.