pic

വാഷിംഗ്‌ടൺ: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂനിനെ വധിക്കാൻ ഗൂഢാലോചന നടന്ന സംഭവത്തിൽ കുറ്റാരോപിതനായ നിഖിൽ ഗുപ്തക്കെതിരായ തെളിവുകൾ ഹാജരാക്കാനാവില്ലെന്ന് യു.എസ്. കേസിൽ നിഖിലിനെതിരെയുള്ള തെളിവുകൾ യു.എസ് കൈമാറണമെന്ന് കാട്ടി അദ്ദേഹത്തിന്റെ അഭിഭാഷകർ ന്യൂയോർക്ക് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. പിന്നാലെ ഫെഡറൽ സർക്കാർ മൂന്ന് ദിവസത്തിനുള്ളിൽ തെളിവ് സമർപ്പിക്കണമെന്ന് കോടതിയും ഉത്തരവിട്ടു. യു.എസ് നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യൻ പൗരൻ നിഖിൽ നിലവിൽ ചെക്ക് റിപ്പബ്ലിക്കിലെ ജയിലിലാണ്. ഇദ്ദേഹത്തെ യു.എസിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കുമ്പോൾ തെളിവുകൾ സമർപ്പിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ സ്ഥാപകനായ പന്നൂനിനെ അമേരിക്കൻ മണ്ണിൽ വച്ച് വധിക്കാൻ ഒരു ഇന്ത്യൻ ഉദ്യോഗസ്ഥന്റെ അറിവോടെ നടന്ന ശ്രമം തകർത്തെന്നാണ് യു.എസ് വാദം. ഗൂഢാലോചനയിൽ പങ്കാളിയായ നിഖിലിനെ യു.എസിന്റെ ആവശ്യപ്രകാരം ചെക്ക് റിപ്പബ്ലിക്കിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.