gokulam

ഭുവനേശ്വർ : എ.ഐ.എഫ്.എഫ് സൂപ്പർ കപ്പിലെ തങ്ങളുടെ ആദ്യമത്സരത്തിൽ കരുത്തരായ മുംബയ് സിറ്റി എഫ്.സിയോട് തോറ്റ് ഗോകുലം കേരള. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മുംബയ് സിറ്റിയുടെ ജയം. ആദ്യപകുതിയിൽ ഗോൾ നേടുകയും 77-ാം മിനിട്ടുവരെ ലീഡ് നിലനിറുത്തുകയും പിന്നീട് സമനില വഴങ്ങുകയും ചെയ്ത ഗോകുലത്തിനെ ഫൈനൽ വിസിലിന് തൊട്ടുമുമ്പ് അബ്ദുന്നാസർ എൽക്കായതി നേടിയ ഗോളിനാണ് മുംബയ് കീഴടക്കിയത്.

23-ാം മിനിട്ടിൽ അലജാൻഡ്രോ ലോപ്പസിലൂടെയാണ് ഗോകുലം മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. 62-ാം മിനിട്ടിൽ പകരക്കാരനായി ഇറങ്ങിയ ആയുഷ് ചിക്കാരയാണ് 77-ാം മിനിട്ടിൽ മുംബയ്‌യെ സമനിലയിലെത്തിച്ചത്. ഇൻജുറി ടൈമിന്റെ ഏഴാംമിനിട്ടിലാണ് എൽക്കായതി ഗോകുലത്തിന്റെ ഹൃദയം തകർത്ത ഗോൾ നേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് സിയിൽ മുംബയ് സിറ്റി മൂന്ന് പോയിന്റുമായി ഒന്നാമതെത്തി. ചൊവ്വാഴ്ച ചെന്നൈയിൻ എഫ്.സിയുമായാണ് ഗോകുലത്തിന്റെ അ‌ടുത്ത മത്സരം.