football

ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് ഇന്ന് ഖത്തറിൽ തുടക്കം

ഇന്ത്യയുടെ ആദ്യ മത്സരം നാളെ ഓസ്ട്രേലിയയ്ക്ക് എതിരെ

ദോഹ : ഏറ്റവും വലിയ വൻകരയുടെ ഫുട്ബാൾ ചാമ്പ്യനെ കണ്ടെത്താനുള്ള എഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ ഏഷ്യൻ കപ്പിന് ഇന്ന് തുടക്കമാകും. 2022 ഫിഫ ലോകകപ്പിന് ആതിഥ്യം വഹിച്ച ഖത്തറാണ് ഇക്കുറി ഏഷ്യൻ കപ്പിനും വേദിയൊരുക്കുന്നത്. ടൂർണമെന്റിലെ നിലവിലെ ചാമ്പ്യന്മാരും ഖത്തറാണ്. ഇന്ന് ഇന്ത്യൻ സമയംരാത്രി 9.30ന് ഖത്തറും ലബനനും തമ്മിലാണ് ആദ്യ മത്സരം. നാളെ വൈകിട്ട് അഞ്ചിന് ഓസ്ട്രേലിയയ്ക്ക് എതിരെയാണ് ഇന്ത്യയു‌ടെ ആദ്യ മത്സരം.

ഇന്ത്യയുൾപ്പടെ 24 രാജ്യങ്ങളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ഏഷ്യാ വൻകരയിലുള്ള രാജ്യങ്ങൾക്കൊപ്പം ഏഷ്യൻ കോൺഫെഡറേഷൻ അംഗമായ ഓസ്ട്രേലിയയും ഈ എഡിഷനിൽ പങ്കെടുക്കുന്നുണ്ട്. മുൻ ചാമ്പ്യന്മാരും മുൻ ആതിഥേയരുമാണവർ. നാലുടീമുകൾ വീതമടങ്ങുന്ന ആറു ഗ്രൂപ്പുകളായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ. ഓസ്ട്രേലിയയും ഉസ്ബക്കിസ്ഥാനും സിറിയയും അടങ്ങുന്ന ബി ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. നാലുതവണ ജേതാക്കളായ ജപ്പാൻ, നിരവധി ലോകകപ്പുകളിൽ കളിച്ചിട്ടുള്ള ദക്ഷിണ കൊറിയ, ഇറാൻ,സൗദി അറേബ്യ തുടങ്ങിയവരാണ് ടൂർണമെന്റിലെ വമ്പന്മാർ. യുദ്ധക്കെടുതിയിൽ വലയുന്ന പാലസ്തീനും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

പ്രാഥമിക റൗണ്ടിൽ ഒരു ടീമിന് മൂന്ന് മത്സരങ്ങളാണുള്ളത്. ഒരു ഗ്രൂപ്പിൽനിന്ന് പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരും എല്ലാ ഗ്രൂപ്പിൽ നിന്നും മികച്ച നാല് മൂന്നാം സ്ഥാനക്കാരും ഉൾപ്പടെ 16 ടീമുകൾ പ്രീ ക്വാർട്ടറിലെത്തും. ജനുവരി 28 മുതൽ 31വരെയാണ് പ്രീക്വാർട്ടർ മത്സരങ്ങൾ. ഫെബ്രുവരി 2,3 തീയതികളിൽ ക്വാർട്ടർ ഫൈനലുകളും 6,7 തീയതികളിൽ സെമിഫൈനലും നടക്കും. ഫെബ്രുവരി 10നാണ് ഫൈനൽ.

ഗ്രൂപ്പ് എ

ഖത്തർ

ലബനൻ

ചൈന

തജിക്കിസ്ഥാൻ

ഗ്രൂപ്പ് ബി

ഇന്ത്യ

ഓസ്ട്രേലിയ

സിറിയ

ഉസ്ബക്കിസ്ഥാൻ

ഗ്രൂപ്പ് സി

ഇറാൻ

യു.എ.ഇ

ഹോംഗ്കോംഗ്

പാലസ്തീൻ

ഗ്രൂപ്പ് ഡി

ജപ്പാൻ

ഇന്തോനേഷ്യൻ

ഇറാഖ്

വിയറ്റ്നാം

ഗ്രൂപ്പ് ഇ

ദക്ഷിണ കൊറിയ

മലേഷ്യ

ജോർദാൻ

ബഹറിൻ

ഗ്രൂപ്പ് എഫ്

സൗദി അറേബ്യ

തായ്‌ലാൻഡ്

കിർഗിസ്ഥാൻ

ഒമാൻ

ഇന്ത്യയുടെ മത്സരങ്ങൾ

ജനുവരി 13

Vs ഓസ്ട്രേലിയ

ജനുവരി 18

Vs ഉസ്ബക്കിസ്ഥാൻ

ജനുവരി 23

Vs സിറിയ

കോപ്പ അമേരിക്ക കഴിഞ്ഞാൽ ഏറ്റവും പഴക്കമുള്ള വൻകര ഫുട്ബാൾ ടൂർണമെന്റാണ് എ.എഫ്.സി ഏഷ്യൻ കപ്പ്.

ചൈനയിൽ കഴിഞ്ഞ വർഷം നടത്താൻ നിശ്ചയിച്ചിരുന്ന ടൂർണമെന്റ് 2022ലാണ് ഖത്തറിലേക്ക് മാറ്റിയത്. ഖത്തറിലെ ചൂട് കാലാവസ്ഥ കണക്കിലെ‌ടുത്താണ് 2023ൽ നടത്താൻ നിശ്ചയിച്ചിരുന്ന ടൂർണമെന്റ് 2024ലേക്ക് മാറ്റിയത്. എന്നാൽ പേരിലും ലോഗോയിലും 2023 എന്ന് തന്നെയായിരിക്കും.