d

തിരുവനന്തപുരം : അയോദ്ധ്യയിൽ നടക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ പരിപാടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. രാമൻ ബി.ജെ.പിക്കൊപ്പമല്ല. 'ഹേ റാം...' എന്ന ചുണ്ടനക്കത്തോടെ ഗാന്ധിജി മരിച്ചുവീണ ബിര്‍ളാ മന്ദിരത്തിന്റെ ഇടനാഴിയിലാണ് രാമന്‍ നില്‍ക്കുന്നത്. ഞങ്ങളുടെ രാമന്‍ അവിടെയാണ്. ബി.ജെ.പിയുടേത് രാഷ്ട്രീയമായി സൃഷ്ടിക്കപ്പെട്ട രാമനാണ്. ഇന്ത്യയിലെ എല്ലാ ഹിന്ദുമത വിശ്വാസികളുടെയും ആരാധ്യപുരുഷനാണ് രാമന്‍. രാമനോടോ അയോദ്ധ്യയോടോ അല്ല പ്രശ്‌നം. ക്ഷേത്രത്തെയും മതത്തെയും രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശ്രമത്തോടാണ് ഞങ്ങളുടെ വിയോജിപ്പ്. ഇത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടാണെന്നും വി.ഡി.സതീശൻ വ്യക്തമാക്കി. ജോഡോ ന്യായ് യാത്രയുടെ ബുക്ക്‌ലെറ്റ് പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


അയോദ്ധ്യ വിഷയത്തിലുള്ള കോണ്‍ഗ്രസ് നിലപാട് എ.ഐ.സി.സി വ്യക്തമാക്കിയിട്ടുണ്ട്. ചടങ്ങിലേക്ക് പാര്‍ട്ടിയെ അല്ല വ്യക്തികളെയാണ് ക്ഷണിച്ചത്. ക്ഷണം ലഭിച്ച നേതാക്കള്‍ പാര്‍ട്ടിയുമായി ആലോചിച്ചു. അയോധ്യയില്‍ നടക്കുന്നത് രാഷ്ട്രീയ പരിപാടിയാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് മതത്തെ രാഷ്ട്രീയവത്ക്കരിക്കാനും ആരാധനാലയങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമാക്കി മാറ്റാനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിനോട് യോജിക്കാന്‍ പറ്റില്ലെന്നതാണ് കോണ്‍ഗ്രസ് നിലപാട്. മതത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന വ്യക്തമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്.

എന്‍.എസ്.എസിന് അവരുടെ അഭിപ്രായം പറയാം. ഞങ്ങളു അഭിപ്രായം ആരുടെ മേലും അടിച്ചേല്‍പ്പിക്കില്ല. കോണ്‍ഗ്രസ് എടുത്തത് രാഷ്ട്രീയമായ തീരുമാനമാണ്. ആദി ശങ്കരന്റെ പിന്മുറക്കാരും നാല് മഠങ്ങളിലെ മഠാധിപതികളുമായ ശങ്കരാചാര്യന്മാരും അയോദ്ധ്യയെ ബി.ജെ.പി രാഷ്ട്രീയവത്ക്കരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. അയോധ്യയെ രാഷ്ട്രീയവത്ക്കരിക്കുന്നതിനെ കുറിച്ച് ഹിന്ദുസമൂഹത്തിനും ബോധ്യം വന്നിട്ടുണ്ട്. ക്ഷേത്രത്തില്‍ ഏത് വിശ്വാസികള്‍ക്കും പോകാം. പക്ഷെ ചടങ്ങ് രാഷ്ട്രീയവത്ക്കരിക്കുന്നു എന്നതാണ് പ്രശ്‌നമെന്നും വി.ഡി സതീശൻ ചൂണ്ടിക്കാണിച്ചു.