pic

പോർട്ട് മോർസ്ബി: പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂഗിനിയിൽ കലാപത്തിൽ 15 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ പോർട്ട് മോർസ്ബി, ലെയി നഗരങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. നിരവധി പേർക്ക് പരിക്കേറ്റു. വിശദീകരണമില്ലാതെ ശമ്പളം വെട്ടിക്കുറച്ചതിന്റെ പേരിൽ ഒരു വിഭാഗം സൈനികരും പൊലീസ് ഓഫീസർമാരും ജയിൽ ഉദ്യോഗസ്ഥരും ബുധനാഴ്ച വൈകിട്ട് ആരംഭിച്ച പ്രതിഷേധമാണ് കലാപത്തിന് കാരണമായത്. പൊലീസുകാർ സമരത്തിനിറങ്ങിയ അവസരത്തിൽ ഒരു കൂട്ടം ജനങ്ങൾ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു.

പോർട്ട് മോർസ്ബിയിൽ ആരംഭിച്ച പ്രതിഷേധം മണിക്കൂറുകൾക്കുള്ളിൽ 300 കിലോമീറ്റർ വടക്കുള്ള ലെയി നഗരത്തിലേക്കും വ്യാപിച്ചു. ഇതിനിടെ ആൾക്കൂട്ടം നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും തീയിട്ടു. സൂപ്പർ മാർക്കറ്റുകളും സ്ഥാപനങ്ങളും വ്യാപകമായി കൊള്ളയടിച്ചു.

കലാപ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ജെയിംസ് മറാപെ പോർട്ട് മോർസ്ബിയിൽ 14 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയിരത്തിലേറെ സൈനികരെ നഗരത്തിൽ വിന്യസിച്ചു. സുരക്ഷാ ഗേറ്റ് തകർത്ത് പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്തെത്തിയ ജനക്കൂട്ടം അവിടെ പാർക്ക് ചെയ്തിരുന്ന പൊലീസ് വാഹനം കത്തിച്ചിരുന്നു.

അതേ സമയം, പ്രതിഷേധത്തിനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടി പുനരാരംഭിച്ചതോടെ സമാധാനാന്തരീക്ഷം ഏറെക്കുറേ പുനഃസ്ഥാപിച്ചു. ഉദ്യോഗസ്ഥരുടെ ശമ്പളത്തിലുണ്ടായ കുറവ് അധികൃതർക്ക് സംഭവിച്ച സാങ്കേതിക പിഴവാണെന്നും അടുത്ത മാസത്തെ ശമ്പളത്തിൽ ഇത് പരിഹരിക്കുമെന്നും മറാപെ അറിയിച്ചു.