f

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ കോഴിക്കോട് നടത്തിയ പ്രസംഗത്തിൽ പ്രതികരിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. എം.ടിയുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തെന്നും അതിന് പിന്നിൽ ഇടതു വിരുദ്ധ അപസ്മാരം ബാധിച്ചവരാണെന്നും ഇ.പി ജയരാജൻ പറഞ്ഞു. പ്രസംഗം കേട്ടപ്പോൾ തനിക്ക് തോന്നിയത് എം.ടിയുടെ വിമർശനം കേന്ദ്രസർക്കാരിന് എതിരെയാണെന്നും ഇ.പി വ്യക്തമാക്കി.

സോവിയറ്റ് റഷ്യയിലെ രാഷ്ട്രീയ സാഹചര്യം പാർട്ടി നേരത്തെ തന്നെ ചർച്ച ചെയ്തതാണ്. അതിന് കേരളത്തിലെ സാഹചര്യങ്ങളുമായി ബന്ധമില്ല. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ മനംനൊന്താവും എം.ടിയുടെ പ്രസംഗമെന്നും ഇ,​.പി. ജയരാജൻ പ്രതികരിച്ചു. പിണറായിയോട് ജനങ്ങൾക്കുള്ളത് വീരാരാധനയാണ്. പലർക്കും, തനിക്കും പിണറായി മഹാൻ ആണെന്നും ജയരാജൻ പറഞ്ഞു. അയ്യങ്കാളി,​ ശ്രീനാരായണ ഗുരു,​ മന്നം,​ എ.കെ.ജി എന്നിവരുടെ ചിത്രങ്ങൾ വീട്ടിൽവച്ച് ബഹുമാനിക്കാറില്ലേ,​ അതുപോലെയാണ് പിണറായിയോടുള്ള ആദരവെന്നും ഇ.പി. ജയരാജൻ വിശദീകരിച്ചു.

കോഴിക്കോട് കടപ്പുറത്ത് ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിലായിരുന്നു എം.ടിയുടെ വിമർശനം. ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമാണ് അധികാരം എന്ന സിദ്ധാന്തത്തെ പണ്ടെങ്ങോ നമ്മൾ കുഴിവെട്ടി മൂടിയെന്ന് എം. ടി പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നും അദ്ദേഹം തുറന്നടിച്ചു മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു എം. ടിയുടെ രൂക്ഷ വിമര്‍ശനം.

രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരു അംഗീകൃതമാര്‍ഗമാണ്. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വധിപത്യമോ ആവാം.ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തപ്പെട്ടവരുണ്ടാവാം. ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി മാറ്റാനുള്ള മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്ന് വിശ്വസിച്ചതുകൊണ്ടാണ് ഇഎംഎസ് സമാരാദ്ധ്യനും മഹാനായ നേതാവുമാകുന്നത്. നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്‍പ്പത്തെ മാറ്റിയെടുക്കാനാണ് ഇഎംഎസ് എന്നും ശ്രമിച്ചത്. നേതൃ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ട് തന്നെ.റഷ്യന്‍ വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം.ഭരണാധികാരികൾ എറിയുന്ന ഔദാര്യ തുണ്ടുകളല്ല സ്വാതന്ത്ര്യം. തെറ്റുപറ്റിയാൽ സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ല. ഇഎംഎസിന് കേരളത്തെക്കുറിച്ച് ഉത്കണ്ഠ ഉണ്ടായിരുന്നു'- എം.ടി പറഞ്ഞു.

.മന്ത്രി മുഹമ്മദ് റിയാസ്, സാഹിത്യകാരൻ സച്ചിതാനന്ദൻ, നർത്തകി മല്ലിക സാരാഭായ് തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. എംടിയുടെ മുഖ്യപ്രഭാഷണം കഴിഞ്ഞയുടൻ മുഖ്യമന്ത്രി വേദിവിടുകയും ചെയ്തു