cricket
cricket

മൊഹാലി : അഫ്ഗാനിസ്ഥാനതിരായ മൂന്ന് ട്വന്റി-20 കളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ആറു വിക്കറ്റിന് വിജയിച്ച് ഇന്ത്യ. തണുത്തുമരവിച്ച മൊഹാലിയിൽ ഇന്നലെ 159 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 17.3 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിലാണ് ജയം കണ്ടത് . പുറത്താകാതെ അർദ്ധസെഞ്ച്വറി നേടിയ ശിവം ദുബെയാണ് (60)ഇന്ത്യയുടെ വിജയശിൽപ്പി.

നായകൻ രോഹിത് ശർമ്മ (0)രണ്ടാം പന്തിൽതന്നെ ശുഭ്മാൻ ഗില്ലുമായുള്ള ആശയക്കുഴപ്പത്തിൽ റൺഒൗട്ടായെങ്കിലും ഗിൽ (23), തിലക് വർമ്മ(26),ജിതേഷ് ശർമ്മ(31), ശിവം ദുബെ ,റിങ്കു സിംഗ്(16*) എന്നിവരുടെ ബാറ്റിംഗ് മികവിൽ ഇന്ത്യ വിജയം നേടുകയായിരുന്നു. തന്റെ രണ്ടാം അന്താരാഷ്ട്ര ട്വന്റി-20 അർദ്ധസെഞ്ച്വറിയാണ് ദുബെ ഇന്നലെ നേടിയത്. 40 പന്തുകളിൽ അഞ്ചുഫോറുകളും രണ്ട് സിക്സും ദുബെ പറത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 158 റൺസടിച്ചത്. 42 റൺസ് നേടിയ മുഹമ്മദ് നബിയാണ് സന്ദർശകരുടെ ടോപ് സ്കോറർ. ഇബ്രാഹിം സദ്രാനും (25), റഹ്മാനുള്ള ഗുർബാസും (23), അസ്മത്തുള്ള ഒമർ സായ്‌യും (29) നജീബുള്ള സദ്രാനും (19*) അഫ്ഗാനുവേണ്ടി പൊരുതി.

മലയാളി താരം സഞ്ജു സാംസണിന് അവസരം നൽകാതെയാണ് ഇന്ത്യ പ്ളേയിംഗ് ഇലവനെ ഇറക്കിയത്. 14 മാസത്തെ ഇട‌വേളയ്ക്ക് ശേഷം ട്വന്റി-20 ഫോർമാറ്റിലേക്ക് തിരിച്ചുവന്ന രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിച്ചത്.

അധികം ആവേശം കാട്ടാതെ എന്നാൽ സ്കോർ ബോർഡ് ചലിപ്പിച്ചുകൊണ്ടുതന്നെയാണ് അഫ്ഗാൻ ഓപ്പണർമാരായ ക്യാപ്ടൻ ഇബ്രാഹിം സദ്രാനും (25), റഹ്മാനുള്ള ഗുർബാസും (23) തുടങ്ങിയത്. എട്ടാം ഓവറിൽ ടീം സ്കോർ 50ലെത്തിച്ചപ്പോഴാണ് അക്ഷർ പട്ടേൽ ഗുർബാസിനെ പു:റത്താക്കിയത്. ഇറങ്ങിയടിക്കാൻ ഒരുങ്ങിയ ഗുർബാസിനെ ജിതേഷ് സ്റ്റംപ് ചെയ്യുകയായിരുന്നു. അടുത്ത ഓവറിൽ സദ്രാനെ ദുബെയുടെ പന്തിൽ രോഹിത് ശർമ്മ പിടികൂടി.പത്താം ഓവറിൽ റഹ്‌മത്ത് ഷായെ (3) അക്ഷർ പട്ടേൽ ബൗൾഡാക്കിയതോടെ അവർ 57/3 എന്ന നിലയിലായി. തുടർന്ന് അസ്മത്തുള്ള ഒമർ സായ്‌യും (29) നബിയും ചേർന്ന് 125ലെത്തിച്ചു. 27 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സും പറത്തിയ നബിയെ 18-ാം ഓവറിൽ മുകേഷാണ് പുറത്താക്കിയത്. 11 പന്തുകളിൽ നാലുഫോറടക്കം പുറത്താകാതെ 19 റൺസ് നേടിയ നജീബുള്ള സദ്രാനാണ് 150 കടത്തിയത്.

ഇന്ത്യയ്ക്ക് വേണ്ടി അക്ഷർ പട്ടേലും മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ദുബെയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

ദ്രാവിഡിന് 51

ഇന്ത്യൻ കോച്ചും മുൻ നായകനുമായ രാഹുൽ ദ്രാവിഡ് ഇന്നലെ 51-ാം പിറന്നാൾ ആഘോഷിച്ചു.