
ധാക്ക: ബംഗ്ലാദേശിൽ തുടർച്ചയായ നാലാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷെയ്ഖ് ഹസീന. ഇന്നലെ പ്രസിഡൻഷ്യൽ പാലസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
പുതിയ ക്യാബിനറ്റിലേക്ക് 25 മന്ത്രിമാരെയും 11 സഹമന്ത്രിമാരെയും നിയമിച്ചു. ഇവരുടെ വകുപ്പുകൾ ഉടൻ പ്രഖ്യാപിക്കും. വിദേശകാര്യ മന്ത്രി എ.കെ അബ്ദുൾ മോമൻ, ധനമന്ത്രി എ.എച്ച്.എം മുസ്തഫ കമാൽ തുടങ്ങിയവരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കി.
ഇതുവരെ ആകെ അഞ്ച് തവണയാണ് 76കാരിയായ ഹസീന ബംഗ്ലാദേശിൽ പ്രധാനമന്ത്രി പദത്തിലെത്തിയത്. 1996 - 2001 കാലയളവിലായിരുന്നു ആദ്യ ടേം. പിന്നീട് 2008 മുതൽ തുടർച്ചയായ നാല് പൊതുതിരഞ്ഞെടുപ്പുകളും വിജയിച്ചു.
ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഷെയ്ഖ് ഹസീനയുടെ ആവാമി ലീഗ് 300 സീറ്റുകളിൽ 223 എണ്ണം സ്വന്തമാക്കിയിരുന്നു. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബി.എൻ.പി) സഖ്യ കക്ഷികളും വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു.