
കണ്ണൂർ: പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിൽ 13 വർഷം ഒളിവിലായിരുന്ന ഒന്നാംപ്രതി സവാദിനെ കുടുക്കുന്നതിൽ നിർണായകമായത് ഇളയ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ നിന്ന് ലഭിച്ച വിവരം. ഷാജഹാൻ എന്ന പേരിൽ കണ്ണൂരിലെ മട്ടന്നൂർ ബേരത്ത് മരപ്പണി ചെയ്താണ് സവാദ് ഒളിവിൽ കഴിഞ്ഞത്. എല്ലായിടത്തും ഷാജഹാൻ എന്ന പേരാണ് നൽകിയിരുന്നത്. എന്നാൽ ഒമ്പതുമാസംമുമ്പ് ജനിച്ച കുഞ്ഞിനായി മട്ടന്നൂർ നഗരസഭയിൽ രജിസ്റ്റർ ചെയ്ത ജനന സർട്ടിഫിക്കറ്റിൽ സവാദ് എന്ന പേരാണ് ചേർത്തിരുന്നത്. ഇതാണ് സവാദിനെ കുടുക്കാൻ എൻ.ഐ.എയെ സഹായിച്ചത്.
കണ്ണൂരിൽ മൂന്നിടങ്ങളിലായി സവാദ് എട്ടുവർഷം ഒളിവിൽ കഴിഞ്ഞതെന്ന് എൻ.ഐ.എ വൃത്തങ്ങൾ സൂചിപ്പിച്ചു. കാസർകോട്ടുനിന്ന് വിവാഹം കഴിച്ച് വളപട്ടണത്തെ മന്നയിലായിരുന്നു ആദ്യം. തുടർന്ന് ഇരിട്ടി വിളക്കോട് പൂഴിമുക്ക് പ്രദേശത്ത്. തുടർന്നാണ് ബേരത്ത് എത്തിയത്. ഈ പ്രദേശങ്ങളെല്ലാം പോപ്പുലർ ഫ്രണ്ട് സ്വാധീന മേഖലകളായിരുന്നു.
സംഘടനയുടെ സംരക്ഷണവും സാമ്പത്തിക സഹായവും ഇയാൾക്ക് ലഭിച്ചിരുന്നതായും സൂചനയുണ്ട്. സംഘടന നിരോധിച്ചതോടെ സഹായത്തെ ബാധിച്ചു. ബേരത്ത് മരപ്പണിയായിരുന്നു ജീവിത മാർഗ്ഗം. സവാദിനെ സഹായിച്ച പോപ്പുലർ ഫ്രണ്ട് മുൻനേതാക്കളും പ്രവർത്തകരും കണ്ണൂരിൽ നിന്ന് മുങ്ങിയതായി വിവരമുണ്ട്. കൈവെട്ടിയതിനു ശേഷം മംഗലാപുരത്തിന് സമീപം കർണാടക- കേരള അതിർത്തിയോട് ചേർന്ന സ്ഥലത്തായിരുന്നു ആദ്യം എത്തിയത്. നാലുവർഷത്തോളം ഇവിടെ കഴിഞ്ഞശേഷം കാസർകോട്ടെ ചില സ്ഥലങ്ങളിലും ഒളിവിൽ കഴിഞ്ഞു.
സവാദ് കുടുങ്ങിയത് എൻ.ഐ.എ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിനെ തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. പാലക്കാട്ട് ആർ.എസ്.എസ് മുൻ ജില്ലാ ശാരീരിക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പങ്കുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി ഡിസംബറിൽ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിലാണ് സവാദിന്റെ പേരുമുണ്ടായിരുന്നത്. തുടർന്ന് എൻ.ഐ.എയുടെ വാട്സാപ്പ് നമ്പറിലേക്ക് ചില വിവരങ്ങൾ ലഭിച്ചു. തുടർന്നുള്ള അന്വേഷണം ഷാജഹാൻ എന്നപേരിൽ കണ്ണൂർ മട്ടന്നൂർ ബേരത്തെ വാടക വീട്ടിൽ താമസിക്കുന്ന സവാദിലേക്ക് എത്തുകയായിരുന്നു.
ഇരിട്ടി പൂഴിമുക്കിൽ സവാദ് താമസിച്ച വാടകവീടിന്റെ ഉടമയായ ആമിന എന്ന സ്ത്രീയുടെ മക്കൾ എസ്.ഡി.പി.ഐ പ്രവർത്തകരാണ്. ഇവരിലൊരാളായ ഉനൈസ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി നാരോത്ത് ദിലീപൻ വധക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചുവരികയാണ്. 2018ൽ ആർ.എസ്.എസ് പ്രവർത്തകനായ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചേമ്പോത്ത് ഷഫീറുമായി ഒളിവുജീവിത കാലത്ത് സവാദിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഷഫീറിന്റെ ഗൃഹപ്രവേശന ചടങ്ങിലും സജീവമായി പങ്കെടുത്തിരുന്നു.