
മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15 പന്തുകള്‍ ബാക്കി നില്‍ക്കെ ആറ് വിക്കറ്റിനാണ് വിജയിച്ചത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ശിവം ദൂബെയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. 40 പന്തുകള്‍ നേരിട്ട താരം അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 60 റണ്‍സ് നേടി കളിയിലെ താരമായി.
വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ (0) വിക്കറ്റ് നഷ്ടമായി. സഹ ഓപ്പണര്‍ ഗില്ലുമായുള്ള ആശയക്കുഴപ്പം ഇന്ത്യന്‍ നായകന്റെ റണ്ണൗട്ടില്‍ കലാശിക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്‍ 23(12), തിലക് വര്‍മ്മ 26(22), ജിതേഷ് ശര്‍മ്മ 31(20), റിങ്കു സിംഗ് 16*(9) എ്ന്നിവരും ബാറ്റിംഗില്‍ തിളങ്ങി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടിയിരുന്നു. 27 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 42 റണ്‍സ് നേടിയ വെറ്ററന്‍ താരം മുഹമ്മദ് നബിയാണ് ടോപ് സ്‌കോറര്‍. ആദ്യ പത്ത് ഓവറില്‍ വെറും 57 റണ്‍സ് മാത്രം നേടിയ അഫ്ഗാനെ മെച്ചപ്പെട്ട സ്‌കോറിലെത്തിച്ചത് നബിയുടെ ബാറ്റിംഗ് പ്രകടനമാണ്.
റഹ്മാനുള്ള ഗുര്‍ബാസ് 23(28), ഇബ്രാഹിം സദ്രാന്‍ 25(22), അസ്മത്തുള്ള ഒമര്‍സായ് 29(22), റഹ്മത് ഷാ 3(6), നജീബുള്ള സദ്രാന്‍ 19*(11), കരീം ജന്നത്ത് 9*(5) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോര്‍. ഇന്ത്യക്ക് വേണ്ടി മുകേഷ് കുമാര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ശിവം ദൂബെ ഒരു വിക്കറ്റും വീഴ്ത്തി. ഇന്‍ഡോറില്‍ ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം.