
ബംഗളൂരു: ഗോവയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം എങ്ങനെ ഉപേക്ഷിക്കണമെന്ന് അമ്മയായ സുചനയ്ക്ക് അറിയില്ലായിരുന്നെന്ന് പൊലീസ്. കൃത്യമായ പദ്ധതിയില്ലായിരുന്നു. സ്വന്തം വീട്ടിലേക്ക് പോകാനായിരുന്നു തീരുമാനമെടുത്തതെന്ന് അവർ പറഞ്ഞു. മുറിയിൽ നിന്ന് കത്തി, തൂവാല, തലയിണ എന്നിവ കണ്ടെടുത്തു. സുചനയെ മെഡിക്കൽ പരിശോധനയ്ക്കായി ഗോവ മെഡിക്കൽ കോളേജിലും മാനസികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ചയാണ് പശ്ചിമ ബംഗാൾ സ്വദേശിയും ബംഗളൂരുവിലെ എ.ഐ സ്റ്റാർട്ടപ്പ് കമ്പനി സി.ഇ.ഒയുമായ സുചന കർണാടകയിലെ ചിത്രദുർഗയിൽ വച്ച് പിടിയിലായത്. പരിശോധനയിൽ ബാഗിൽ നിന്ന്
മകന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുട്ടി ശ്വാസം മുട്ടി മരിച്ചെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. കൈകൾ കൊണ്ട് കഴുത്ത് ഞെരിച്ചതിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് പോസ്റ്റ്‌മോർട്ടം ചെയ്‌ത ഡോക്ടർ പറഞ്ഞു. കുട്ടിയുടെ മുഖത്തും നെഞ്ചിലും വീക്കമുണ്ട്. ഇത് ശ്വാസംമുട്ടിയതിലൂടെ ഉണ്ടായതാകാം.
തലയിണയോ തുണിയോ ഉപയോഗിച്ചാവാം കഴുത്ത് ഞെരിച്ചത്. ശരീരത്തിൽ മുറിവുകളൊന്നും ഇല്ല. കൊലപാതകം നടന്ന ഹോട്ടൽ മുറിയിൽ കണ്ടെത്തിയ രക്തക്കറ സുചന ആത്മഹത്യക്കു ശ്രമിച്ചപ്പോഴുണ്ടായതാണെന്ന നിഗമനത്തിലാണ് പൊലീസ്. സുചന ഇടതു കൈഞരമ്പ് മുറിച്ചിരുന്നു. ആസൂത്രിത കൊലപാതകമാണെന്ന ഉറപ്പിൽ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
എന്നാൽ മകനെ കൊന്നിട്ടില്ല എന്ന് സുചന ആവർത്തിക്കുന്നു. രാവിലെ ഉറക്കം ഉണർന്നപ്പോൾ മകനെ മരിച്ചനിലയിൽ കണ്ടെത്തിയെന്നാണ് സുചന പറയുന്നത്. എല്ലാ ഞായറാഴ്ചയും മകനെ അച്ഛനൊപ്പം വിട്ടയക്കണമെന്ന കോടതിവിധിയാണ് കൊലയ്ക്ക് കാരണമെന്നാണ് കണ്ടെത്തൽ. മകനെ ഭർത്താവിനൊപ്പം വിട്ടയക്കാതിരിക്കാനാണ് ശനിയാഴ്ച ഗോവയിൽ എത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.