flight

പാരീസ്: ആഗോളതലത്തില്‍ വിമാനങ്ങളുടെ വില്‍പ്പന വര്‍ദ്ധിക്കുന്നുവെന്ന് യൂറോപ്യന്‍ കൊമേര്‍ഷ്യല്‍ വിമാന നിര്‍മാണ കമ്പനിയായ എയര്‍ ബസ്. കഴിഞ്ഞ വര്‍ഷം 2094 ഓര്‍ഡറുകള്‍ ലഭിച്ചതായി കമ്പനി സ്ഥിരീകരിച്ചു.

ആഗോളതലത്തില്‍ യാത്രക്കാരുടെ എണ്ണവും ഇന്ധന ക്ഷമതയുള്ളതുമായ വിമാനങ്ങളുടെ ആവശ്യം വര്‍ദ്ധിക്കുന്നതുമാണ് കൂടുതല്‍ ഓര്‍ഡറുകള്‍ വരാനുള്ള കാരണമെന്ന് കമ്പനി പറയുന്നു.

വിതരണ ശൃംഖലയില്‍ ചില പ്രതിസന്ധികളുണ്ടായിരുന്നിട്ട് പോലും ലക്ഷ്യംവച്ചതിനേക്കാള്‍ കൂടുതല്‍ ഓര്‍ഡര്‍ ഡെലിവറി ചെയ്യാന്‍ കഴിഞ്ഞു. 720 എന്ന കമ്പനി ലക്ഷ്യം പോലും മറികടന്ന് 734 വിമാനങ്ങളാണ് ഡെലിവറി ചെയ്തത്. 2013ല്‍ 1503 വിമാനങ്ങളുടെ ഓര്‍ഡര്‍ കിട്ടിയതാണ് ഇതിന് മുമ്പത്തെ ഏറ്റവും വലിയ റെക്കാഡ്.

കൊവിഡ് മഹാമാരിയും യാത്രാ നിയന്ത്രണങ്ങളും ഏല്‍പ്പിച്ച പ്രതിസന്ധിയില്‍ നിന്ന് മാര്‍ക്കറ്റിലേക്കുള്ള തിരിച്ചുവരവ് 2023നും 2025നും ഇടയില്‍ മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 2023ല്‍ തന്നെ അത് സാദ്ധ്യമായെന്ന് കമ്പനിയുടെ വാണിജ്യ വിഭാഗം മേധാവി ക്രിസ്റ്റ്യന്‍ ഷെറര്‍ പറയുന്നു.

ഇന്ത്യയില്‍ നിന്നാണ് ഏറ്റവും അധികം ഓര്‍ഡര്‍ എയര്‍ ബസിന് ലഭിക്കുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് 500 എയര്‍ബസ് 320 വിമാനങ്ങളുടെ ഓര്‍ഡറാണ് നല്‍കിയത്. എയര്‍ ഇന്ത്യ 250 വിമാനങ്ങളുടെ ഓര്‍ഡര്‍ നല്‍കിയപ്പോള്‍ തുര്‍ക്കിഷ് എയര്‍ലൈന്‍സ് 230 വിമാനങ്ങളാണ് വാങ്ങുന്നത്.