arest

ഇരിങ്ങാലക്കുട: കാട്ടൂരിൽ ഓൺലൈൻ ആപ്പ് വഴി സ്ത്രീ ശബ്ദത്തിൽ പരിചയപ്പെട്ട് ഹണിട്രാപ്പ് കവർച്ച നടത്തിയവർ പിടി.യിൽ മൂന്നുപീടിക സ്വദേശി പെരിങ്ങാട്ടു വീട്ടിൽ പ്രിൻസ് (23), നാട്ടിക സ്വദേശിയായ 17 വയസുകാരൻ എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: ടി.കെ. ഷൈജുവിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ പി.പി. ജസ്റ്റിൻ അറസ്റ്റ് ചെയ്തത്. .

അരിമ്പൂർ സ്വദേശിയായ യുവാവാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വിദേശത്തു നിന്ന് നാട്ടിലെത്തിയ അരിമ്പൂർ സ്വദേശിയായ യുവാവ് ഓൺലൈൻ ആപ്പിലൂടെ എയ്ഞ്ചൽ എന്ന അക്കൗണ്ടിലുള്ള സ്ത്രീയുമായി സൗഹൃദത്തിലായി. പെട്ടന്നുതന്നെ ഇയാളുമായി സൗഹൃദം സ്ഥാപിച്ച സ്ത്രീ നേരിട്ട് കാണുന്നതിനായി യുവാവിനെ വ്യാഴാഴ്ച രാവിലെ പത്തരയോടെ കോതറ പാലത്തിനോട് ചേർന്ന ബണ്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. യുവാവിനെ മൂന്നുപേർ ചേർന്ന് വളഞ്ഞ് മർദ്ദിച്ച് മൊബൈൽ ഫോണും പഴ്‌സിൽ നിന്ന് പണവും കവർന്നു.

സമൂഹമാദ്ധ്യമങ്ങളിലൂടെ സംഭവം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി എ.ടി.എമ്മിൽ കൊണ്ടുപോയി. 30,000 രൂപയും പിൽവലിപ്പിച്ച് അതും കൈക്കലാക്കി. പിന്നീട് യുവാവിനെ ബണ്ടിൽ തന്നെ കൊണ്ടുവന്ന് മർദ്ദിച്ച് അവശനാക്കി സംഘം സ്ഥലം വിട്ടു. നാണക്കേട് ഓർത്ത് ആദ്യം പരാതിപ്പെടാൻ മടിച്ചെങ്കിലും പിന്നീട് യുവാവ് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പരാതിക്കാരനിൽ നിന്ന് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ പൊലീസ് സംഘം ഓൺലൈൻ ഫേക്ക് ആപ്പുകൾ പരിശോധിച്ചും പ്രതികളുടെ രൂപസാദൃശ്യങ്ങൾ മനസിലാക്കിയും നടത്തിയ അന്വേഷണത്തിനിടെ സംശയം തോന്നി റോഡിൽ വാഹനം തടഞ്ഞ് പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു

. ഫേക്ക് ആപ്പുകളുടെ സഹായത്തോടെ സ്ത്രീ ശബ്ദത്തിൽ സംസാരിച്ചത് പ്രതികളായ യുവാക്കൾ തന്നെ ആയിരുന്നു. മൂന്നാമനെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മുൻകാല പ്രവൃത്തികളെക്കുറിച്ച് കൂടുതൽ അന്വേഷിച്ച് വരികയാണ്. എസ്.ഐ: ശ്രീലക്ഷ്മി, എ.എസ്.ഐ: കെ.എസ്. ശ്രീജിത്ത്, വി.എസ്. ശ്യാം, ശബരീകൃഷ്ണൻ, സി.പി.ഒ: കിരൺ, ഡ്രൈവർ സി.പി.ഒ ഷൗക്കർ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.