
കോട്ടയം: സൗന്ദര്യം കൂട്ടാൻ കണ്ണിൽക്കണ്ട ക്രീമൊക്കെ വാരിവലിച്ചു തേയ്ക്കുന്ന യുവതീ യുവാക്കളോടാണ്. ജീവിതം തേഞ്ഞൊട്ടും! ജില്ലയിൽ കഴിഞ്ഞ വർഷം മുന്നൂറിലേറെ വ്യാജസൗന്ദര്യ ഉത്പന്നങ്ങളാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം പിടികൂടിയത്. എന്നാൽ നടത്തിയതാവട്ടെ വെറും 12 പരിശോധന!
ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിലാണ് ശരീരത്തിന് ദോഷകരമാവുന്ന ക്രീമുകളും ബോഡി ലോഷനുകളും പിടിച്ചെടുത്തത്. നിറംകൂട്ടാനും സൂര്യരശ്മികളിൽ നിന്ന് സംരക്ഷിക്കാനും മുടിക്ക് നിറത്തിനുമെല്ലാം വാങ്ങുന്ന ഉത്പന്നങ്ങളിൽ ശരീരത്തെ ഇല്ലാതാക്കാനുള്ള മാരക കെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. മുഖത്ത് ക്രീം തേയ്ക്കുമ്പോൾ മാത്രം 'ഗ്ളോ' വരികയും നിറുത്തുമ്പോൾ പഴയതിനേക്കാൾ മോശമായി മുഖം മാറിയ അനുഭവമുള്ളവരുമുണ്ട്. ഉപയോഗിച്ച ക്രീം നിറുത്താൻ കഴിയാതെ പെട്ടുപോയവരേറെ.
വൃക്ക പോകും
മെർക്കുറി, കാഡ്മിയം, ലെഡ് ഉൾപ്പടെയാണ് വ്യാജ സൗന്ദര്യ വർദ്ധക ക്രീമുകളുടെ ഉള്ളടക്കം. ഇവ ആന്തരാവയവങ്ങളെ ബാധിക്കും. വൃക്ക ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം താളം തെറ്റും. ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ അംഗീകാരമുള്ളവ വാങ്ങുകയെന്നതാണ് പരിഹാരം
പരിശോധന കാര്യക്ഷമമല്ല
2018 -2022 വരെ ഒരു പരിശോധനയും നടത്തിയില്ല
കഴിഞ്ഞ വർഷം ആകെ 12 പരിശോധന
നടപടിയെടുത്തത് 2 സ്ഥാപനങ്ങൾക്കെതിരെ
ചൈനയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വരവ്
ലാഭം കൂടുതലായതിനാൽ കച്ചവടക്കാർക്ക് താത്പര്യം
പടികൂടിയ ഉത്പ്പന്നങ്ങൾ 340.
കമ്പനികൾ ഇവ
ഹുദ ബ്യൂട്ടി ക്രീം
ഗോൾഡ് ബ്യൂട്ടി ക്രീം
ഹുദ ബ്യൂട്ടി നെയിൽലസ്റ്റർ
ഡൗ ബ്യൂട്ടി സിൽകി ക്രീം
ക്രീം 21 ജർമ്മനി (ഡെയ്ലി ക്രീം)
ക്രീ 21 ജർമനി (മോയിസ് ചറൈസിംഗ് ക്രീം)
ഗ്ളീസോലിഡ് ഫോർസ്കിൻ പ്രൊട്ടക്ടഡ് സോഫ്റ്റൻ
'' മുഖത്തെ തൊലി നേർത്തതാണ്. കെമിക്കൽ ചേർത്ത ക്രീമുകൾ ഉപയോഗിക്കുമ്പോൾ തൊലിയിൽ നിന്ന് അവ ഉള്ളിലിലേയ്ക്ക് വലിച്ചെടുത്ത് വൃക്കയിലേയ്ക്ക് എത്തും. എല്ലാ ക്രീമുകളും പേടിക്കേണ്ടതില്ല'' ഡോ.ഡാനിഷ് സലിം